മംഗളൂരു:തുടർച്ചയായുണ്ടായ മൂന്ന് കൊലപാതകങ്ങളെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് കർണാടക പൊലീസ്. സൂറത്ത്കൽ, മുൽക്കി, ബജ്‌പെ, പനമ്പൂർ എന്നിവിടങ്ങളിലാണ് ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ട് രണ്ട് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥരടക്കം വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ജൂലൈ 30 അർധരാത്രി വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇവിടെ മദ്യശാലകൾ തുറക്കില്ല. പ്രദേശത്തെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. ക്രമസമാധാന താത്പര്യം മുന്‍നിര്‍ത്തി വെള്ളിയാഴ്‌ച പ്രാര്‍ഥന വീടുകളിലാക്കാന്‍ മുസ്‌ലിം നേതാക്കളോട് പൊലീസ് അഭ്യര്‍ഥിച്ചു.
അർഹമായ നീതി വേഗത്തിലും ന്യായമായും നടപ്പാക്കുമെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ എൻ.ശശികുമാർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സൂറത്ത്കല്ലിലെ ടെക്‌സ്റ്റയിൽസ് കടയുടെ മുൻപിൽ വച്ച് കാട്ടിപ്പള സ്വദേശി ഫാസിലിനെ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാസിലിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവസമയത്ത് മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ പരാതിയിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇതിനുമുൻപുണ്ടായ കൊലപാതകങ്ങളുടെ തുടർച്ചയാണോ ഇതെന്ന് അന്വേഷിച്ചുവരികയാണെന്നും വ്യാജ വാർത്തകളിൽ വീഴരുതെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 21ന് കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദിനെ(19) സുള്ള്യയിൽ ഒരുസംഘം മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ദക്ഷിണ കന്നഡയിൽ സംഘർഷാന്തരീക്ഷം ഉടലെടുത്ത്. കൂലിപ്പണിക്കായി സുള്ള്യ കളഞ്ചയിലെ ബന്ധുവിന്‍റെ വീട്ടില്‍ താമസിച്ചു വരികയായിരുന്ന മസൂദിനെ എട്ടംഗ സംഘം ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം പിന്തുടര്‍ന്ന് മർദിച്ചു.
പുലർച്ചെ 1.30ഓടെ സമീപത്തെ കിണറിന് അടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ മസൂദിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സുള്ള്യയിലെ സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഇതിനുപിന്നാലെ ജൂലൈ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ ബിജെപി - യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആക്രമണത്തിന് കേരള രജിസ്ട്രേഷൻ വാഹനമാണോ എന്ന സാധ്യതയും പരിശോധിച്ചു വരികയാണെന്ന് ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് അറിയിച്ചു.