ലഖ്നൗ: ബിജെപി എംപിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധിക്കെതിരെ ആഗ്രയിലെ മൃഗഡോക്ടർ. നായയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഭവത്തിൽ തനിക്കെതിരെ അസഭ്യമായ ഭാഷ ഉപയോഗിച്ചെന്ന് ആരോപിച്ച് മൃഗഡോക്ടർ രംഗത്തെത്തി.
മനേക ഗാന്ധിയുടേതെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ നിലവിൽ വൈറലാണ്. ജൂൺ 21ന് മുൻ കേന്ദ്രമന്ത്രി തന്നെ ഫോണിൽ വിളിച്ചെന്നും അസഭ്യമായ ഭാഷയിൽ സംസാരിച്ചെന്നും ഡോ. എൽഎൻ ഗുപ്ത ആരോപിച്ചു. തന്‍റെ ലൈസൻസ് റദ്ദാക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയെന്നും ഡോക്ടർ പറഞ്ഞു.
മനേകക്കെതിരെ ഹാഷ്ടാഗ്
ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ മനേക ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ് വ്യാപകമാണ്.
"ഗ്വാളിയറിൽ നിന്ന് ജൂൺ ഒന്നിന് ഗർഭപാത്ര ശസ്ത്രക്രിയയ്ക്കായി ഒരു നായയെ തന്‍റെ അടുക്കൽ കൊണ്ടുവന്നു. ശസ്ത്രക്രിയക്ക് ശേഷം പ്രത്യേക സംരക്ഷണം നൽകണമെന്ന് ഉടമസ്ഥരോട് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ശേഷം രണ്ട് തവണ ശസ്ത്രക്രിയയുടെ സ്റ്റിച്ച് പൊട്ടിയതിനെ തുടർന്ന് നായയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഗുരുതരമായ നായയെ ഡൽഹിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു", ഡോ എൽ എൻ ഗുപ്ത പറഞ്ഞു.