മാണ്ഡ്യ (കർണാടക): അഞ്ച് രൂപയ്ക്ക് ചികിത്സ കിട്ടുമോ എന്ന് ചോദിച്ചാൽ കിട്ടും എന്നാകും മാണ്ഡ്യയിലെ ജനങ്ങളുടെ ഉത്തരം. ശേഷം, അഞ്ച് രൂപ ഡോക്‌ടർ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശങ്കർഗൗഡയെ അവർ ചൂണ്ടിക്കാണിക്കും.
ത്വഗ് രോഗ വിദഗ്‌ധനായ ഡോ.ശങ്കർഗൗഡ കഴിഞ്ഞ 38 വർഷമായി മാണ്ഡ്യയിൽ രോഗികളെ ചികിത്സിക്കുകയാണ്. കൗൺസിലിങ്ങിനും ചികിത്സയ്ക്കും ഉൾപ്പെടെ അഞ്ച് രൂപയാണ് ഡോക്‌ടറുടെ ഫീസ്. മികച്ചതും മിതമായ വിലയിലും ലഭ്യമാകുന്ന മരുന്നാണ് ഡോക്‌ടർ രോഗികളോട് നിർദേശിക്കാറുള്ളത്. എല്ലാ തരത്തിലുമുള്ള ത്വഗ് രോഗങ്ങളെയും വെറും അഞ്ച് രൂപയ്ക്ക് ചികിത്സിക്കുന്ന ഡോക്‌ടറിനെ മാണ്ഡ്യയിലെ ജനങ്ങൾ ദൈവത്തെ പോലെയാണ് കാണുന്നത്.
അഞ്ച് രൂപയ്ക്ക് ചികിത്സ, മിതമായ വിലയിലുള്ള മരുന്നുകൾ; മാണ്ഡ്യയിലെ ഈ ഡോക്‌ടർ മാതൃകയാണ് മൈസൂർ മെഡിക്കൽ കോളജ് റിസർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായിരുന്ന ഡോ. കെ.ഗോവിന്ദയുടെ സേവനവും അർപ്പണബോധവുമാണ് ശങ്കർഗൗഡയ്ക്ക് പ്രചോദനമായത്. ദിനംപ്രതി നൂറുകണക്കിന് രോഗികളെ ചികിത്സിക്കുമായിരുന്ന ഡോ. ഗോവിന്ദിന്‍റെ ജീവിതം ആളുകളെ സഹായിക്കുന്നതിന് ഉഴിഞ്ഞുവച്ചതായിരുന്നു. ചെറുപ്പത്തിൽ ചികിത്സക്കായി ഡോ.ഗോവിന്ദയെ സന്ദർശിക്കുമായിരുന്ന തനിയ്ക്ക് അദ്ദേഹം എന്നും പ്രചോദനമായിരുന്നുവെന്ന് ശങ്കർഗൗഡ പറയുന്നു.
എഞ്ചിനീയറിങ്ങിൽ തത്പരനായിരുന്ന ശങ്കർഗൗഡ കുടുംബത്തിന്‍റെ താത്പര്യത്തെ തുടർന്നാണ് ആതുരസേവനത്തിലേക്ക് തിരിഞ്ഞത്. മണിപ്പാലിലെ കസ്‌തൂർബ മെഡിക്കൽ കോളജിൽ എംബിബിഎസ് പൂർത്തിയാക്കിയ ഗൗഡ വെനീറോളജി ആൻഡ് ഡെർമറ്റോളജിയിൽ(ഡിവിഡി) ഡിപ്ലോമയും നേടി.
പഠനത്തിന് ശേഷം തന്‍റെ അറിവ് ഗ്രാമത്തിലുള്ള ആളുകൾക്കും പ്രയോജനപ്പെടുത്താമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് കൗൺസിലിങ്, ചികിത്സ, തുടങ്ങി എല്ലാ അടിസ്ഥാന മെഡിക്കൽ പാക്കേജിനും കൂടി അഞ്ച് രൂപ ഈടാക്കിക്കൊണ്ട് രോഗികളെ പരിശോധിക്കാൻ ആരംഭിച്ചത്. എന്നാൽ അതിനുശേഷം ഫീസ് വർധിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചതേയില്ല.
എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷമാണ് മാണ്ഡ്യയിലെ തന്‍റെ ക്ലിനിക്കിൽ ഗൗഡ രോഗികളെ ചികിത്സിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുപോലും രോഗികൾ അദ്ദേഹത്തെ തേടിയെത്താറുണ്ട്. ചികിത്സ ആരംഭിക്കുമ്പോൾ ദിവസവും ശരാശരി 10 പേരാണ് അദ്ദേഹത്തിന്‍റെ അടുത്ത് എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ശരാശരി 200 പേരാണ് അദ്ദേഹത്തിനടുത്ത് എത്തുന്നത്.
പ്രൈവറ്റ് കൺസൾട്ടേഷൻ നടത്താത്തതിനാൽ മാണ്ഡ്യയിലെ ക്ലിനിക്കിൽ പോയി ക്യൂ നിന്ന് വേണം രോഗികൾക്ക് അദ്ദേഹത്തെ കാണുവാൻ. ശ്രീവല്ലി സ്വദേശിയായ ഡോ.ശങ്കർഗൗഡ ഒരു കർഷകൻ കൂടിയാണ്. തന്‍റെ കൃഷിയിടത്തിൽ അദ്ദേഹം വിളകൾ നടാറുണ്ട്. 64 വയസുകാരനായ ഇദ്ദേഹം മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാറില്ല.
ഇദ്ദേഹത്തെ മാനുഷിക സേവനത്തിനുള്ള 'കർണാടക കൽപ്പവൃക്ഷ അവാർഡ്' നൽകി കൽപവൃക്ഷ ട്രസ്റ്റ് ആദരിച്ചിട്ടുണ്ട്. കൂടാതെ, നിരവധി സംഘടനകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അടുത്തിടെയുണ്ടായ ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.