ന്യൂഡൽഹി : മദ്യലഹരിയിൽ എയർ ഇന്ത്യ വിമാനത്തിൽ മലമൂത്ര വിസർജനം നടത്തിയെന്നാരോപിച്ച് ഒരാളെ കസ്റ്റഡിയിലെടുത്തു. എയർ ഇന്ത്യയുടെ മുംബൈ-ഡൽഹി വിമാനത്തിൽ സഞ്ചരിച്ച രാം സിങ്ങിനെയാണ് പൊലീസ് പിടികൂടിയത്. ജൂൺ 24ന് എഐസി 866 വിമാനത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സീറ്റ് നമ്പർ 17 എഫിലെ യാത്രക്കാരനായ രാം സിങ് വിമാനത്തിന്‍റെ 9-ാം നിരയിൽ മലമൂത്ര വിസർജനം ചെയ്യുകയും തുപ്പുകയും ചെയ്‌തുവെന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. സംഭവം ശ്രദ്ധയിൽപെട്ട ക്യാബിൻ ക്രൂ യാത്രക്കാരന് വാക്കാൽ മുന്നറിയിപ്പ് നൽകുകയും പൈലറ്റ് ഇൻ കമാൻഡിനെ സ്ഥിതിഗതികൾ അറിയിക്കുകയും ചെയ്യുകയായിരുന്നു.
വിമാനത്തിലെ സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ തരത്തിൽ പെരുമാറിയ ഇയാളെ കസ്റ്റഡിയിലെടുക്കുന്നതിനായി ഉടൻ തന്നെ കമ്പനിക്ക് സന്ദേശം അയച്ചു. വിമാനം ഡൽഹിയിൽ എത്തിയപ്പോൾ എയർ ഇന്ത്യയുടെ സെക്യൂരിറ്റി മേധാവിയുടെ നേതൃത്വത്തിൽ യാത്രക്കാരനെ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്‌തു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 (അശ്ലീല പ്രവൃത്തികൾ), 510 (മദ്യപിച്ച് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
2022 നവംബർ 26-ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന ഒരാൾ സഹയാത്രികയായ സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചിരുന്നു. പത്ത് ദിവസത്തിന് ശേഷം, ഡിസംബർ 6 ന് പാരിസ്-ന്യൂഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ഒരു സ്‌ത്രീ യാത്രികയുടെ പുതപ്പിൽ മറ്റൊരു യാത്രക്കാരൻ മൂത്രവിസർജ്ജനം നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
മദ്യലഹരിയിൽ എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തി;കുറച്ച് നാളുകൾക്ക് മുൻപ് മദ്യപിച്ച് വിമാനത്തിലെ എയർ ഹോസ്റ്റസിനെ ശല്യപ്പെടുത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജലന്ധറിലെ കോട്‌ലി ഗ്രാമവാസിയായ രജീന്ദർ സിങ്ങാണ് പിടിയിലായിരുന്നത്. ദുബായിൽ നിന്ന് അമൃത്‌സറിലെത്തിയ ഇൻഡിഗോ നമ്പർ 6E 1428 എന്ന വിമാനത്തിലാണ് സംഭവം.
വിമാനത്തിനകത്ത് വച്ച് മദ്യപിച്ച രജീന്ദർ ബഹളമുണ്ടാക്കുകയും വനിത എയർഹോസ്റ്റസിനെ ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി മാനേജരുടെ പരാതിയിൽ രാജസൻസി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെ ഇയാളെ പൊലീസ് പിടികൂടി.
ഇൻഡിഗോ എയർലൈൻസ് അസിസ്റ്റന്‍റ് സെക്യൂരിറ്റി മാനേജർ അജയ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പ്രതിക്കെതിരെ ഐപിസി 354, 509 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.