ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ മർദിച്ച് യുവതിയുടെ രക്ഷകരായി രണ്ട് ട്രാൻസ്‌ജെൻഡറുകൾ. ബെംഗളൂരുവിലെ വിവേകനഗറിലാണ് രണ്ട് ട്രാൻസ്‌ജെൻഡറുകൾ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പശ്ചിമ ബംഗാൾ സ്വദേശി മസുറൽ ഷെയ്‌ഖിനെ വിവേകനഗർ പൊലീസ് അറസ്റ്റ് ചെയ്‌തു.
വിവേകനഗറിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശിനിക്കാണ് മസുറൽ ഷെയ്‌ഖിൽ നിന്ന് ദുരനുഭവം നേരിട്ടത്. ബെംഗളുരുവിൽ ജോലി തേടി എത്തിയതാണ് യുവതി. ഇവർ താമസിക്കുന്ന സ്ഥലത്ത് പ്രതി രണ്ട് മൂന്ന് ദിവസമായി കറങ്ങുകയും യുവതി ഒറ്റക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കുകയും ചെയ്‌തു. തുടർന്ന് ജൂലൈ രണ്ടിന് പുലർച്ചെ യുവതിയുടെ വാതിലിൽ മുട്ടുകയും വാതിൽ തുറക്കുന്നതിനിടെ പ്രതി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.