കാണ്‍പൂർ: മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് കാണ്‍പൂരിൽ യുവാവിനെ ക്രൂരമായി മർദിച്ച് ജനക്കൂട്ടം. കാണ്‍പൂർ നഗരത്തിലെ വരുണ്‍ വിഹാർ പ്രദേശത്താണ് സംഭവം. ജനക്കൂട്ടാക്രമണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവത്തെപ്പറ്റി പുറംലോകം അറിയുന്നത്.
പുറത്തുവന്ന വീഡിയോയിൽ ഇയാളുടെ മകൾ അച്ഛനെ കെട്ടിപ്പിടിച്ച് ഉപദ്രവിക്കരുതെന്ന് നാട്ടുകാരോട് അപേക്ഷിക്കുന്നത് കാണാം. കൂടാതെ പൊലീസിന് മുൻപിൽ വച്ച് ജനക്കൂട്ടം ഇയാളെ മർദിക്കുന്നതും ജയ് ശ്രീരാം വിളിക്കാൻ നിർബന്ധിക്കുന്നതും കാണാം.
ആക്രമിക്കപ്പെട്ടയാളുടെ അയൽപക്കത്ത് താമസിക്കുന്ന സ്ത്രീയെയും കുടുംബാംഗങ്ങളെയും ഇയാൾ മതം മാറ്റാൻ നിർബന്ധിച്ചു എന്നാണ് ആരോപണം.മതം മാറ്റത്തിന് വിസമ്മതിച്ചതോടെ ഇയാൾ സ്ത്രീയേയും അവരുടെ രണ്ട് പെണ്‍മക്കളെയും ഉപദ്രവിക്കാൻ തുടങ്ങിയെന്നാണ് പരാതി. കൂടാതെ മതം മാറിയാൽ 20,000 രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായും പരാതിക്കാരി പറഞ്ഞു. പൊലീസിൽ പരാതി നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് അവർ പ്രദേശത്തെ വലതുപക്ഷ പ്രവർത്തകരെ സമീപിക്കുകയായിരുന്നു.