വാറങ്കല്‍(തെലങ്കാന): 62 വയസുള്ള തന്‍റെ അമ്മയ്‌ക്ക് നീതി ലഭിക്കാന്‍ നിയമപഠനം പൂര്‍ത്തിയാക്കി മകന്‍. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. തന്‍റെ അമ്മയ്‌ക്ക് വേണ്ടി ശരത് ബാബു(48) ചെയ്‌ത കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഹൃദയ സ്‌പര്‍ശിയായ കഥയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം.
1971ലാണ് സോമയ്യയുടെയും സുലോചനയുടെയും വിവാഹം നടക്കുന്നത്. ശേഷം ഇരുവര്‍ക്കും ശരത്തും രാജ രവിവിക്രവും പിറന്നു. എന്നാല്‍, ദാമ്പത്യ ജീവിതത്തിലുണ്ടായ ചെറിയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഗുരുതരമായപ്പോള്‍ 1992ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു.
എന്നാല്‍, വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പോകാന്‍ മറ്റൊരിടം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സ്വന്തം മാതാപിതാക്കളോടൊപ്പം മക്കളുമൊത്ത് സ്വവസതിയായ കണ്ണൂരില്‍ സുലോചന താമസമാക്കി. എന്നാല്‍, മക്കളുടെ ഭാവിയെ ഓര്‍ത്ത് സുലോചന നിരന്തരം ആശങ്കപ്പെട്ടിരുന്നു. തുടര്‍ന്ന് ജീവനാംശത്തിനായി ഇവര്‍ വാറങ്കല്‍ ജില്ല കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
ഏതാനും വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 1997ല്‍ കോടതി സുലോചനയ്‌ക്കനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍, അഭിഭാഷകനുമായുള്ള ആശയവിനിമയത്തിന്‍റെ പോരായ്‌മ മൂലവും വിദ്യാഭ്യാസത്തിന്‍റെ കുറവ് മൂലവും നിയമ നടപടിക്രമങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുവാന്‍ സാധിക്കാത്തത് മൂലവും സുലോചനയ്‌ക്ക് ജീവനാംശം നഷ്‌ടപ്പെട്ടു. ഇതിന് ശേഷം തന്‍റെ ശ്രമങ്ങള്‍ ഉപേക്ഷിക്കുവാന്‍ സുലോചന തീരുമാനിച്ചെങ്കിലും അനീതിക്കെതിരെ പൊരുതാന്‍ മകന്‍ ശരത് തയ്യാറായി.
ശരത്തിന്‍റെ പ്രയത്‌നങ്ങള്‍ ഇങ്ങനെ:കുടുംബത്തെ നോക്കുന്നതോടൊപ്പം അടിസ്ഥാന വിദ്യാഭ്യാസം മാത്രം നേടിയ ശരത് തന്‍റെ അമ്മയ്‌ക്ക് നീതി ലഭിക്കുന്നതിനായി പൊരുതാന്‍ തീരുമാനിച്ചു. ഇതിനായി പഠിച്ച് അഭിഭാഷകനായി അമ്മയ്‌ക്ക് ജീവനാംശം നേടികൊടുക്കുവാനും സഹോദരന് മെച്ചപ്പെട്ട ജീവിതം ഒരുക്കുവാനുമുള്ള പ്രയത്‌നം ശരത് ആരംഭിച്ചു. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല.