ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ പാറയിടുക്കിൽ വീണു ഹൈദരാബാദ്: അഞ്ച് ദിവസം മലഞ്ചെരുവിൽ കുടുങ്ങിക്കിടന്ന പർവതാരോഹകൻ ആരോൺ റാൽസ്‌റ്റന്‍റെ ജീവതകഥയെ ആസ്‌പദമാക്കി നിർമിച്ച ‘127 അവേഴ്‌സ്' എന്ന ചിത്രം നെഞ്ചിടിപ്പോടെയല്ലാതെ കാണാൻ കഴിയില്ല. കൂറ്റൻ പാറകൾക്കിടയിൽ കുടുങ്ങിയ കൈ അറുത്തുമാറ്റി ആരോൺ ജീവിതത്തിലേക്ക് തിരിച്ചു കയറുന്നതാണ് സർവൈവൽ ത്രില്ലറായ ചിത്രത്തിന്‍റെ ഇതിവൃത്തം. പാലക്കാട് മലമ്പുഴയിൽ ബാബു എന്ന യുവാവ് മലയിൽ കുടുങ്ങിയതും സൈന്യം നടത്തിയ രക്ഷ പ്രവർത്തനവും കേരളം ഞെട്ടലോടെയാണ് കണ്ടത്.
അത്തരമൊരു സംഭവമാണ് തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ റെഡ്ഡിപേട്ടിൽ നടന്നത്. പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ 42 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിന് ഒടുവില്‍ പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷപ്പെടുത്തി. പാറയിടുക്കിൽ അകപ്പെട്ട റെഡ്ഡിപേട്ട് സ്വദേശി ഷാദ രാജുവിനെയാണ് രക്ഷപ്പെടുത്തിയത്.
ഷാദ രാജുവും സുഹൃത്ത് മഹേഷും വനത്തിൽ വേട്ടയാടാൻ പോയപ്പോഴാണ് സംഭവം. പാറക്കെട്ടുകൾക്കിടയിലൂടെ നടക്കുന്നതിനിടെ രാജുവിന്‍റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ താഴേക്ക് പോയി. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെ രാജു പാറയിടുക്കിലേക്ക് തലകീഴായി മറിയുകയായിരുന്നു.
കാലുകളും ഒരു കൈയും മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളു. നായാട്ടിന് പോയതിനാൽ അധികൃതരെ അറിയിക്കാതെ ബുധനാഴ്‌ച (14-12-2022) ഉച്ചവരെ വീട്ടുകാരും സുഹൃത്തുക്കളും ഇയാളെ പുറത്തെത്തിക്കാൻ ശ്രിമിച്ചെങ്കിലും നടന്നില്ല. ജീവൻ നഷ്‌ടമാകുമെന്ന സ്ഥിതി വന്നപ്പോഴാണ് അധികൃതരെ വിവരം അറിയിച്ചത്.
തുടർന്ന് ഫയർഫോഴ്‌സിന്‍റെ നേതൃത്വത്തിൽ ജെസിബികളും യന്ത്രങ്ങളും സ്ഥലത്തെത്തിച്ച് നടത്തിയ രക്ഷപ്രവർത്തനത്തിന് ഒടുവിലാണ് രാജുവിനെ പുറത്തെത്തിച്ചത്. ജില്ല അഡിഷണൽ എസ്‌പി അന്യോന്യയും തഹസിൽദാർ സായിയുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.