മൊറാദാബാദ് (ഉത്തർ പ്രദേശ്) :മധുവിധു ആഘോഷിക്കുന്നതിനായി ഭാര്യയെ മണാലിയിലേക്ക് കൊണ്ടുപോകാൻ പണമടങ്ങിയ ബാഗ് മോഷ്‌ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ ഹാഷിം എന്നയാളെയാണ് പൊലീസ് പിടികൂടിയത്. മെഡിക്കൽ റെപ്രസന്‍റേറ്റീവിന്‍റെ ബാഗിലുണ്ടായിരുന്ന 1.9 ലക്ഷം രൂപയാണ് ഇയാൾ കവർന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
ഈ വർഷം ജനുവരിയിലാണ് ഹാഷിമിന്‍റെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഭാര്യയെ ഹണിമൂണിന് കുളു- മണാലിയിലേക്ക് കൊണ്ടുപോകാമെന്ന് ഇയാൾ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ വിവാഹ ശേഷം ഇതിനാവശ്യമായ പണം സ്വരൂപിക്കാൻ ഇയാൾക്കായിരുന്നില്ല. ഇതിനിടെ ഹണിമൂണിന് കൊണ്ടുപോകാനായി ഭാര്യ ഇയാളെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് പ്രതി മോഷണം നടത്തി പണം കണ്ടെത്താൻ തീരുമാനിച്ചതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അഖിലേഷ് സിങ് ബദൗരിയ പറഞ്ഞു.
ഇതിനായി ഇയാൾ ജൂണ്‍ മൂന്നിന് താന മജോള മേഖലയിൽ നിന്ന് ഒരു പുതിയ ബുള്ളറ്റ് മോഷ്‌ടിച്ചിരുന്നു. അന്ന് തന്നെയാണ് പ്രതി പണവും കവർന്നത്. വിശദമായ പദ്ധതികൾക്കൊടുവിലാണ് പ്രതി മെഡിക്കൽ റെപ്രസന്‍റേറ്റീവായ നസീറിന്‍റെ ബാഗ് കവരാൻ തീരുമാനിച്ചത്. നസീർ പണമടങ്ങിയ ബാഗുമായി മെഡിക്കൽ ഏജൻസിയിൽ എത്തി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുന്നതിനിടെ മുഖം മൂടി ധരിച്ച് സ്ഥലത്തെത്തിയ ഹാഷിം ഇയാളുടെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
തുടർന്ന് തൊട്ടടുത്ത ദിവസം 1.9 ലക്ഷം രൂപയടങ്ങിയ തന്‍റെ ബാഗ് മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ കവർന്നതായി നസീർ പൊലീസിൽ പരാതി നൽകി. പിന്നാലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹാഷിമിനെ പൊലീസ് തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹാഷിം ഭാര്യക്കൊപ്പം മണാലിയിലേക്ക് യാത്ര പോയതായി പൊലീസ് മനസിലാക്കി.