ന്യൂഡൽഹി: യുഎഇ കുടുംബത്തിന്‍റെ ഭാരവാഹി എന്ന വ്യാജേന നാല് മാസത്തോളം പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് രക്ഷപ്പെട്ടയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കർണാടക സ്വദേശിയായ മുഹമ്മദ് ഷെരീഫാണ് അറസ്‌റ്റിലായത്. 23 ലക്ഷത്തോളം രൂപ ഹോട്ടലിൽ കുടിശിക വരുത്തിയാണ് ഇയാൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടത്.
2022 ഓഗസ്‌റ്റ് ഒന്നിനാണ് മുഹമ്മദ് ഷെരീഫ് ന്യൂഡൽഹിയിലെ ലീല പാലസിൽ ചെക്ക് ഇൻ ചെയ്‌തത്. 427-ാം നമ്പർ മുറിയിൽ നാല് മാസത്തോളം താമസിച്ചിരുന്ന ഇയാൾ നവംബർ 20ന് ബില്ലടക്കാതെ രക്ഷപ്പെടുകയായിരുന്നു. 23.46 ലക്ഷം രൂപ ബില്ല് അടക്കാതെ കബളിപ്പിച്ചത് കൂടാതെ വിലപിടിപ്പുള്ള പല വസ്‌തുക്കളും ഇയാൾ മോഷ്‌ടിച്ചതായി ഹോട്ടൽ മാനേജ്‌മെന്‍റ് പൊലീസിൽ പറഞ്ഞു.
ജനുവരി 19 ന് കർണാടകയിലെ ദക്ഷിണ കന്നഡയിലെ വസതിയിൽ നിന്നാണ് ഷരീഫിനെ പൊലീസ് പിടികൂടിയത്. യുഎഇ സർക്കാരിലെ ഹിസ് ഹൈനസ് ഷെയ്ഖ് ഫലാഹ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഓഫിസിലെ ഒരു പ്രധാന ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാൾ ആൾമാറാട്ടം നടത്തിയത്. വ്യാജ ബിസിനസ് കാർഡ് ഉപയോഗിച്ച് ഹോട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. റൂമിന്‍റെ വാടകയായി 2022 ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസങ്ങളിൽ പ്രതി 11.5 ലക്ഷം രൂപ നല്‌കിയിരുന്നു.
ശേഷം 20 ലക്ഷം രൂപയ്‌ക്കുള്ള പോസ്റ്റ്-ഡേറ്റഡ് ചെക്ക് നവംബർ 21 വരെ കാലാവധിയിൽ പ്രതി സെപ്‌റ്റംബർ 22 ന് ഹോട്ടലിൽ നല്‍കിയിരുന്നു. എന്നാൽ അക്കൗണ്ടിൽ അവശ്യമായ തുക ഇല്ലാത്തതിൽ ചെക്ക് മടങ്ങുകയായിരുന്നു. നേരത്തെ മുൻകൂട്ടി ആസൂത്രണം ചെയ്‌തുള്ള കബിളിപ്പിക്കലാണ് ഷെരീഫ് നടത്തിയതെന്ന് ഹോട്ടൽ അധികൃതർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.