ഹൈദരാബാദ്: തെലങ്കാനയിലെ പുരാണാപൂൾ പ്രദേശത്തെ ജിയഗുഡ ബൈപ്പാസിലെ നടുറോഡില്‍ വച്ച് യുവാവിനെ മൂന്നംഗ സംഘം കുത്തിക്കൊന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. കോട്ടിയിലെ ഇസാമിയ ബസാര്‍ സ്വദേശി ജംഗം സായിനാഥാണ് (32) മരിച്ചത്.
ഹൈദരാബാദില്‍ യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു; മൂന്നുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം - തെലങ്കാനയിലെ പുരാണാപൂൾ പ്രദേശത്തെ ജിയഗുഡ
ഹൈദരാബാദിലെ ജിയഗുഡയിലാണ് യുവാവിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം നടുറോഡില്‍വച്ച് കൊലപ്പെടുത്തിയത്
ഇയാളുടെ ആധാർ കാർഡ് കണ്ടെടുത്തതോടെയാണ് പേരുവിവരം തിരിച്ചറിഞ്ഞത്. ഇരുമ്പ് ദണ്ഡും വടിവാളും ഉപയോഗിച്ചാണ് ആക്രമിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കുൽസുമ്പുര പൊലീസ് ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു. സംഭവത്തിനുശേഷം സമീപത്തെ മുസി നദിയിൽ ചാടിയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
'അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ, മറുവശത്തെ റോഡിലൂടെ വാഹനത്തില്‍ സഞ്ചരിച്ചയാള്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണത്തിന് നിർണായക തെളിവായി'- കുൽസുമ്പുര സിഐ അശോക് കുമാർ പറഞ്ഞു.