ഹസാരിബാഗ്: കുടുംബകലഹത്തിനിടെ ഭർത്താവ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗിൽ മല്ല ടോളി സ്വദേശിയായ രാജേഷ് സോങ്കർ എന്നയാളാണ് ഭാര്യ വന്ദന ദേവിയെ (27) നിറയൊഴിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവിനെ വീടിനുള്ളിൽ ഉപേക്ഷിച്ച് വാതിൽ പൂട്ടി കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കുഞ്ഞിന്റെ കരച്ചിൽ പറത്തുനിന്നും കേട്ട വന്ദനയുടെ ഭർതൃസഹോദരൻ സോനു സോങ്കർ വാതിലിന്‍റെ പൂട്ട് തകർത്ത് വീടിനുള്ളിൽ കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ വന്ദനയെ കണ്ടത്. ഉടൻ തന്നെ വന്ദനയെ ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ഹസാരിബാഗ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.