ആഡംബര കാറിലെത്തി ചെടി ചട്ടി മോഷണം ഗുരുഗ്രാം (ഹരിയാന):ജി 20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കാനിരിക്കുന്ന വേദിക്കരികില്‍ നിന്ന് ചെടി ചട്ടികള്‍ മോഷ്‌ടിച്ചയാള്‍ പൊലീസ് പിടിയില്‍. വിദേശകാര്യ മന്ത്രിമാരുടെ ജി 20 ഉച്ചകോടിയുടെ ഭാഗമായി വേദി അലങ്കരിക്കാന്‍ സൂക്ഷിച്ച ചെടി ചട്ടികളാണ് 50 കാരനായ മന്‍മോഹന്‍ എന്നയാള്‍ വാഹന സര്‍വീസായ ഊബറിനായി ഓടുന്ന തന്‍റെ ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ചത്. വേദിയുടെ ചുമതലയുള്ള ആളുകള്‍ അവരുടെ ജോലികളില്‍ മുഴുകിയിരിക്കവെയായിരുന്നു മന്‍മോഹന്‍റെ ഈ വേറിട്ട മോഷണം.
സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ ഗുരുഗ്രാം പൊലീസ് ഇയാള്‍ക്കെതിരെ മോഷണത്തിന് കേസെടുത്തു. മാത്രമല്ല ഇയാളുടെ വാഹനം പിടിച്ചെടുത്ത് ചെടി ചട്ടികളും പൊലീസ് കണ്ടെടുത്തു. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഗുരുഗ്രാം മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്‍റ് അതോറിറ്റിയിലെ ജോയിന്‍റ് സിഇഒ എസ്‌കെ ചാഹല്‍ വ്യക്തമാക്കി.
അതേസമയം മന്‍മോഹന്‍ കാറിലെത്തി ചെടി ചട്ടികള്‍ മോഷ്‌ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വീഡിയോയ്‌ക്ക് താഴെ കമന്‍റുകളുമായി നിരവധി ഉപഭോക്താക്കളും എത്തി. കാറിന്‍റെ ബൂട്ട് സ്‌പേസ് അല്‍പം കൂടി വലുതായിരുന്നെങ്കില്‍ അദ്ദേഹത്തിന് കുറച്ചധികം ചെടികള്‍ കൂടി എടുക്കാമായിരുന്നു എന്നായിരുന്നു ഒരു ഉപഭോക്താവിന്‍റെ കമന്‍റ്.
എന്നാല്‍ എല്ലായിടത്തും ഇത്തരം ചില്ലറ മോഷണം പെരുകുന്നതായി പൊലീസും സമ്മതിക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സൂറത്തില്‍ വന്‍തോതില്‍ ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോകുന്ന സംഭവം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീടുകളില്‍ നിന്ന ഗ്യാസുകള്‍ മോഷ്‌ടിച്ച് പോകുന്നയാളെയും പൊലീസ് പിടികൂടിയിരുന്നു.
കള്ളത്താക്കോല്‍ ഉപയോഗിച്ച് വീടുകളിലേക്ക് കടന്നാണ് ഗ്യാസ് സിലിണ്ടറുകള്‍ മോഷ്‌ടിച്ചിരുന്നതെന്നും അല്ലാതെ വിലമതിക്കുന്ന മറ്റൊന്നും തന്നെ മോഷ്‌ടിച്ചില്ലെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. വിപണിയില്‍ ഗ്യാസ് സിലിണ്ടറിന്‍റെ വിലയിലുണ്ടായ വര്‍ധനവും ആവശ്യക്കാര്‍ ഏറിയതുമാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പ്രതിയുടെ വിശദീകരണം.