ഭോപ്പാൽ (മധ്യപ്രദേശ്): തക്കാളിയുടെ വിലക്കയറ്റവും അതുമായി ബന്ധപ്പെട്ട വാർത്തകളുമാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. മോഷണവും തട്ടിക്കൊണ്ടുപോകലും ഫ്രീയായി നൽകുന്നതും ഉൾപ്പെടെ നിരവധി വാർത്തകളാണ് തക്കാളിയുമായി ബന്ധപ്പെട്ട് ഈയിടയായി പുറത്തുവരുന്ന വാർത്തകൾ. ഇപ്പോഴിതാ, ഭക്ഷണത്തിൽ തക്കാളി ഇടുന്നതിനെ ചൊല്ലി വഴക്കിട്ട് ഭാര്യ വീടുവിട്ടുപോയെന്ന വാർത്തയാണ് മധ്യപ്രദേശിൽ നിന്നും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിലെ ധൻപുരി മേഖലയിലാണ് സംഭവം. സന്ദീപ് ബർമൻ എന്ന യുവാവ് ധൻപുരിയിൽ ഒരു ചെറിയ ധാബ (ഭക്ഷണശാല) നടത്തുന്നയാളാണ്. ടിഫിൻ വിതരണത്തിനായി ഭക്ഷണം പാകം ചെയ്‌തപ്പോൾ ഇയാൾ രണ്ട് തക്കാളി കറിയിൽ ഇട്ടതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഭാര്യ തന്‍റെ പ്രായപൂർത്തിയാകാത്ത മകളെയും കൊണ്ട് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു.
സംഭവത്തിൽ പൊലീസ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സന്ദീപ് ധൻപുരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഉമരിയ ജില്ലയിലെ സഹോദരിയുടെ വീട്ടിലേക്കാണ് ഭാര്യ പോയതെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. സന്ദീപ് ബർമന്‍റെ മുന്നിൽ വച്ച് താൻ യുവതിയോട് സംസാരിച്ചുവെന്നും അവർ ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങാൻ സമ്മതിച്ചുവെന്നും ധൻപുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സഞ്ജയ് ജയ്‌സ്വാൾ അറിയിച്ചു. മധ്യപ്രദേശിൽ ചില്ലറ വിപണിയിൽ തക്കാളിയുടെ വില കിലോയ്ക്ക് 150-160 രൂപയാണ്.
വിപണിയിൽ നിലവിൽ വില കൂടിയ പച്ചക്കറികളിലൊന്നാണ് തക്കാളി. കിലോയ്‌ക്ക് 20 രൂപയായിരുന്ന തക്കാളി ദിവസങ്ങൾ കൊണ്ടാണ് 250 രൂപയിൽ എത്തിനിന്നത്. വില കുതിച്ചുയർന്നതിന് പിന്നാലെ നിരവധി വാർത്തകളാണ് തക്കാളിയെ ചുറ്റിപ്പറ്റി പുറത്ത് വന്നത്. വില കുത്തനെ ഉയരുന്ന വാർത്തകൾ കൂടാതെ, കൊലപാതകവും മോഷണവും തട്ടിക്കൊണ്ടുപോകലും വിലക്കുറവും സ്‌മാർട്ട് ഫോൺ വാങ്ങുന്നവർക്ക് രണ്ട് കിലോ തക്കാളി ഫ്രീയായി നൽകുന്നതുമൊക്കം വാർത്തകളിൽ ഇടം പിടിച്ചു.
തക്കാളി വിറ്റ പണത്തിനായി കൊലപാതകം : ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തക്കാളി വിറ്റ പണം തട്ടിയെടുക്കാനായി കര്‍ഷകനെ അക്രമിസംഘം കൊലപ്പെടുത്തിയിരുന്നു. നരേം രാജശേഖര റെഡ്ഡി (62) എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.