രാംപുർഹട്ട് (പശ്ചിമ ബംഗാൾ):ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് യാത്രക്കാരൻ. രാംപുർഹട്ട് സ്വദേശിയായ സജൽ ഷെയ്ഖിനെയാണ് (25) മധ്യവയസ്‌കൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. സംഭവത്തിൽ യുവാവിന്‍റെ തലയ്‌ക്ക് സാരമായി പരിക്കേറ്റു.
യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ശേഷം പ്രാർഥനയോടെ വീണ്ടും സീറ്റിലേക്ക്: മധ്യവയസ്‌കനെ തേടി റെയിൽവെ പൊലീസ് - crime news
രാംപുർഹട്ട് സ്വദേശി സജൽ ഷെയ്ഖിനെയാണ്(25) മധ്യവയസ്‌കൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. വാക്ക് തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.
ഹൗറ-മാൾഡ ഇന്‍റർസിറ്റി എക്‌സ്പ്രസിൽ ശനിയാഴ്‌ചയാണ് (15.10.2022) സംഭവം. പരിക്കേറ്റ യുവാവിനെ താരാപീഠ് റോഡിനും രാംപുർഹട്ട് റെയിൽവേ സ്റ്റേഷനും ഇടയിലെ റെയിൽവെ ട്രാക്കിനരികിൽ നിന്നും കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും മോശമായി സംസാരിക്കുകയും ഇരിക്കുന്ന സീറ്റിലേക്ക് കാൽ കയറ്റി വച്ചതുമൊക്കെയാണ് വാക്ക് തർക്കത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. യുവാവും മധ്യവയസ്‌കനും തമ്മിലുണ്ടായ വാക്ക് തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു.
സംഭവത്തിന്‍റെ ദൃശ്യങ്ങൾ ട്രെയിനിലുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ ഒരാൾ പകർത്തുകയും റെയിൽവെ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പ്രതി ട്രെയിനിൽ വച്ച് യുവാവുമായി തർക്കത്തിലേർപ്പെടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തർക്കത്തിനൊടുവിൽ ഇയാൾ യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിടുകയും തുടർന്ന് പ്രാർഥിച്ച ശേഷം സീറ്റിൽ വന്നിരിക്കുന്നതുമാണ് ദൃശ്യങ്ങൾ. പ്രതിക്കായി റെയിൽവെ പൊലീസ് തെരച്ചിൽ തുടരുകയാണ്.