ന്യൂഡൽഹി: കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് പുരിയുടെ പേരിൽ ആൾമാറാട്ടം നടത്തിയതായി കേസ്. സീറോ എഫ്.ഐ.ആർ, കിഴക്കൻ ഡൽഹിയിലെ ഗീത കോളനി പൊലീസ് സ്റ്റേഷനിലാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ആൾമാറാട്ടം നടത്തിയെന്ന് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്‌തുവരികയാണ്. ഗീത കോളനിയിൽ താമസിക്കുന്ന കൂലിപ്പണിക്കാരനായ ഈ വ്യക്തി നിരപരാധിയാകാനുള്ള സാധ്യതകളാണ് കൂടുതലെന്നും മന്ത്രിയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി സന്ദേശങ്ങൾ അയക്കുന്ന കുറ്റവാളികൾ ഇയാളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തിരിക്കാനുള്ള സാധ്യതയാണ് കൂടുതലെന്നും പൊലീസ് പറയുന്നു.
കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെ പേരിലുള്ള വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് സന്ദേശം; കേസ് രജിസ്റ്റർ ചെയ്‌തു - whatsapp
ബിജെപി ദേശീയ വക്താവിന് ഹർദീപ് പുരിയുടെ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടിൽ നിന്ന് സന്ദേശം. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിലെയും വകുപ്പുകൾ പ്രകാരം കൊഹിമയിൽ കേസ് രജിസ്റ്റർ ചെയ്‌തു. വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തിരിക്കാൻ സാധ്യത
ക്രൈം നടന്ന അധികാരപരിധിയാൽ പരിമിതപ്പെടുത്തിയിരിക്കുന്ന എഫ്.ഐ.ആറിൽ നിന്ന് വ്യത്യസ്‌തമായി, ആ പ്രത്യേക പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിയിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ ഏത് പൊലീസ് സ്റ്റേഷനിലും സീറോ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ കഴിയും. ഫെബ്രുവരി മൂന്നിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ടിലെയും വകുപ്പുകൾ പ്രകാരം കൊഹിമയിൽ കേസ് രജിസ്റ്റർ ചെയ്‌തു.
മന്ത്രിയായി ചില അജ്ഞാതർ ആൾമാറാട്ടം നടത്തിയതായി പരാതി രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രോഹിത് മീണ മാധ്യമങ്ങളോട് പറഞ്ഞു. 'മന്ത്രിയുടെ ഫോട്ടോയാണ് പ്രതി വാട്‌സ്ആപ്പിൽ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കുന്നത്. ബി.ജെ.പി ദേശീയ വക്താവും മിസോറാം ഇൻചാർജുമായ എംഹോൻലുമോ കിക്കോണിന് ഈ അക്കൗണ്ടിൽ നിന്ന് അടുത്തിടെ ഒരു സന്ദേശം അയക്കുകയായിരുന്നു. ഫിഷിംഗ് ലിങ്ക് അയച്ചോ ഒ.ടി.പി വഴിയോ ഇയാളുടെ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതാകാമെന്നാണ് സംശയം', രോഹിത് മീണ അറിയിച്ചു.