ന്യൂഡല്‍ഹി : ഫേസ്‌ബുക്കിലൂടെ ലൈവ് റെക്കോര്‍ഡ് ചെയ്‌ത് ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പൊലീസ്. ഡല്‍ഹിയിലെ നന്ദ് നഗരിയില്‍ കഴിഞ്ഞ ദിവസമായിരുന്നു(27.03.2023) സംഭവം. പൊലീസിന്‍റെ അതിവേഗത്തിലുള്ള ഇടപെടലിനെ തുടര്‍ന്നാണ് യുവാവിനെ രക്ഷിക്കാനായത്.
പൊലീസ് എത്തിയത് വെറും മൂന്ന് മിനിറ്റില്‍: രാവിലെ 9.06 മണിയോടെയായിരുന്നു പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് 9.09 മണിയോടുകൂടി സംഭവ സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. യുവാവ് ആത്മഹത്യയ്‌ക്ക് ശ്രമിക്കുന്നതായി ഫേസ്‌ബുക്ക്, ഡല്‍ഹി പൊലീസിന്‍റെ ഐഎഫ്എസ്‌ഒ യൂണിറ്റിന്( ദി ഇന്‍റലിജന്‍റ് ഫ്യൂഷന്‍ ആന്‍റ് സ്‌ട്രാറ്റജിക് ഓപ്പറേഷന്‍) വിവരം കൈമാറിയതിനെ തുടര്‍ന്നാണ് കൃത്യസമയത്ത് ഇടപെടല്‍ നടത്താനായതെന്ന് പൊലീസ് മേധാവി ജോയി ടിര്‍ക്കെ പറഞ്ഞു. യുവാവിന്‍റെ ഫേസ്‌ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള രണ്ട് ഫോണ്‍ നമ്പരുകളും അവര്‍ നല്‍കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്, നന്ദ് നഗരി പൊലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജും സംഘവും ഉടനടി സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. പോകുന്ന വഴി തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍, പിസിആര്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പൊലീസ് മേല്‍വിലാസം നല്‍കി സ്ഥലത്ത് എത്തിപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ ബെഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടത്.
ആത്മഹത്യാശ്രമം വിഷാദരോഗത്തെ തുടര്‍ന്ന് : മാര്‍ച്ച് എട്ട് മുതല്‍ ഇയാളില്‍ വിഷാദരോഗം കാണപ്പെട്ടുവെന്നും അതിന് ചികിത്സ തേടിയിരുന്നുവെന്നും യുവാവിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. 'എന്നന്നേയ്‌ക്കുമായി ഞാന്‍ യാത്ര പറയുന്നു. ഇന്ന് മുതല്‍ ഈ കണ്ണുകള്‍ ഒരിക്കലും തുറക്കാന്‍ പോകുന്നില്ല' എന്നായിരുന്നു ഇയാള്‍ ഫേസ്‌ബുക്ക് ലൈവില്‍ പ്രതികരിച്ചത്. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് ഇയാളെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.