ഹൈദരാബാദ്: ഭാര്യയെ കൊന്നതിനും മരണകാരണം മറച്ചുവെക്കാനായി ഗൂഡാലോചന നടത്തിയതിനും ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് വനസ്തലിപുരം സ്വദേശിയായ രാമവത് വിജയ് നായകിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 18ന് ഹൈദരാബാദിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പ്രതി ഭാര്യ കവിതയെ കൊലപ്പെടുത്തിയത്. എന്നാൽ അന്ന് ഭർത്താവായ വിജയ് ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചു എന്നാണ് പെൺകുട്ടിയുടെ കുടുംബത്തോടും അടുപ്പക്കാരോടും പറഞ്ഞിരുന്നത്.
കൂടാതെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ കൊവിഡ് ബാധയെന്ന് പറഞ്ഞ് മൃതദേഹത്തിൽ സ്പർശിക്കാൻ പോലും പ്രതി ബന്ധുക്കളെ അനുവദിച്ചില്ലെന്നും പൊലീസ് പറഞ്ഞു. ശേഷം മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ കൊവിഡ് പരിശോധന നടത്തിയപ്പോൾ എല്ലാവർക്കും ഫലം നെഗറ്റീവ് ആയതോടെയാണ് ബന്ധുക്കൾക്ക് കവിതയുടെ മരണത്തിൽ സംശയം വരുന്നത്.