അലിഗര്‍: മദ്യപിച്ച് എത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം രണ്ട് വയസുള്ള കുട്ടിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്‌റ്റില്‍. അലിഗറിലെ ഖ്വാര്‍സി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൗലാന ആസാദ് നഗറിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച കുട്ടിയെ പ്രദേശവാസികള്‍ രക്ഷപെടുത്തി.
കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പൊലീസ് പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇവരുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്‌തു വരികയാണ്. നാല് വര്‍ഷം മുമ്പാണ് പ്രതി ആസിഫും ഭാര്യ ഹിനയും വിവാഹിതരായത്. പ്രാദേശിക കൗണ്‍സിലറായ ഫിറോസിന്‍റെ വീട്ടില്‍ വാടകയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി ഭാര്യയോടൊപ്പം അത്താഴം കഴിച്ചശേഷം കുറച്ചു നേരെ നടക്കാനെന്ന് പറഞ്ഞ് ഇയാള്‍ ഭാര്യയെ ഒപ്പം കൂട്ടി. ഈ സമയം ആസിഫ് തന്‍റെ ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും കുട്ടിയെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. മദ്യപിച്ചെത്തുന്നതിനെ തുടര്‍ന്ന് ഹിന ആസിഫിനെ നിരന്തരം ശകാരിക്കുകയും ഇരുവരും വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തിരുന്നു. ഇതാണ് ആസിഫിനെ കൊലപാതകത്തിലേയ്‌ക്ക് നയിച്ചത്.
കൊലപാതക വിവരം പ്രാദേശിക നേതാവും ആസിഫിന്‍റെ വീട്ടുടമസ്ഥനുമായ ഫിറോസായിരുന്നു പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി ആസിഫിനെ അറസ്‌റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ചിരുന്ന കത്തി കണ്ടെടുക്കുകയും ചെയ്‌തു. ബന്ധുക്കളുടെ പരാതിയില്‍ പ്രതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് സ്ഥലം എസ് പി കുല്‍ദീപ് ഗുണാവത്ത് അറിയിച്ചു.