ഉദയ്‌പൂർ : രണ്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. ഉദയ്‌പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ പൊലീസ് അടുത്തുള്ള വനത്തിൽ നിന്നും പിടികൂടി. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം.
പ്രതി കുട്ടിയെ വീട്ടിൽ നിന്നും ശനിയാഴ്‌ച കൂട്ടിക്കൊണ്ടുപോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് അടുത്തുള്ള തടാകത്തിൽ എറിഞ്ഞു. കുട്ടിയുടെ അമ്മ ഇരുവരെയും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്‌ചയോടെ കുട്ടിയുടെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കുട്ടിയുടെ മൃതദേഹം കണ്ടതോടെ പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ വനമേഖലയിൽ നിന്ന് പിതാവിനെ പൊലീസ് പിടികൂടി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Also read:പട്ടി ആട്ടിറച്ചി കഴിച്ചതിന്‍റെ പേരില്‍ അച്ഛന്‍ മകളെ വെടിവച്ച് കൊന്നു
തലോടേണ്ട കൈകൾ കൊലക്കത്തി എടുക്കുമ്പോൾ:മറ്റ് കുട്ടികളെ മർദിച്ചു എന്ന കാരണത്താൽ 12കാരനെ പിതാവ് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി എന്ന വാർത്ത കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചിരുന്നു. ബിഹാറിലെ ഗോപാൽഗഞ്ചിലെ എക്ദേർവ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തിന് ശേഷം പിതാവും കുട്ടിയുടെ മാതാവും ചേർന്ന് മൃതദേഹം അടുത്തുള്ള തടാകത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പിതാവ് ശംഭം സിങ്ങും മാതാവ് ചോട്ടി ദേവിയും പൊലീസ് പിടിയിലായി. മുങ്ങി മരണം ആണെന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തൽ. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തിന് ഇരുവശത്തും ആഴത്തിലുള്ള മുറിവുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.