ന്യൂഡൽഹി: 67 കോടിയിലധികം വ്യക്തികളുടെയും സംഘടനകളുടെയും സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കുകയും കൈവശം വയ്‌ക്കുകയും വിൽപ്പന നടത്തുകയും ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി കോണ്‍ഗ്രസ്. ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മേലുള്ള കടന്നുകയറ്റമാണിതെന്ന് വാദിച്ച കോണ്‍ഗ്രസ് സർക്കാർ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തണമെന്നും ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്‌തുകൊണ്ട് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശാണ് ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചത്.
'ഇന്ത്യയിലെ 67 കോടി ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ എങ്ങനെ, എന്തുകൊണ്ട് മോഷ്‌ടിക്കപ്പെട്ടു? ആരാണ് സൈന്യത്തിന്‍റെ വിവരങ്ങൾ മോഷ്‌ടിച്ചത്, എങ്ങനെ? ഇത് ഇന്ത്യക്കാരുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മേലുള്ള കടന്നാക്രമണമാണ്. ഇത് അംഗീകരിക്കാനാകില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തണം. ജയറാം രമേശ് ട്വീറ്റ് ചെയ്‌തു.
ചോർന്നത് 66.9 കോടി ആളുകളുടെ വിവരങ്ങൾ: കഴിഞ്ഞ ദിവസമാണ് 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെയും ഉള്‍പ്പടെ 66.9 കോടി പേരുടെ രഹസ്യവിവരങ്ങള്‍ ചോർത്തുകയും വില്‍പന നടത്തുകയും ചെയ്‌ത വിനയ് ഭരദ്വാജ് എന്നയാളെയാണ് സൈബരാബാദ് പൊലീസ് പിടികൂടിയത്. 104 വിഭാഗങ്ങളിലായി വ്യക്തികളുടെയും സംഘടനകളുടെയും അടക്കം 66.9 കോടി ആളുകളുടെ വിവരങ്ങൾ ഇയാൾ വിൽപ്പന നടത്തിയതായി പൊലീസ് അറിയിച്ചു.
പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, പാൻകാർഡ് ഉടമകൾ, 9 മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍, ഡി-മാറ്റ് അക്കൗണ്ട് ഉടമകള്‍, വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, നീറ്റ് വിദ്യാര്‍ഥികള്‍, സമ്പന്നര്‍, ഇന്‍ഷുറന്‍സ് ഉടമകള്‍, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങളാണ് ഇയാൾ ചോർത്തിയതെന്ന് പൊലീസ് വ്യക്‌തമാക്കി.