ന്യൂഡൽഹി: കുട്ടികളില്ലാത്ത അമ്മാവന് സമ്മാനം നൽകാൻ അയൽവാസിയുടെ അഞ്ച് വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് 21കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഗൗതംപുരിയിൽ ഞായറാഴ്‌ച (ജനുവരി 1) വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കാണാതായത്. രണ്ട് ദിവസത്തോളം കുട്ടിയെ അന്വേഷിച്ച ശേഷമാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.
കുട്ടികളില്ലാത്ത അമ്മാവന് സമ്മാനം നൽകാൻ അയൽവാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി യുവാവ്
ഡൽഹി ഗൗതംപുരിയിലാണ് സംഭവം. വീടിന്‍റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അയൽവാസിയായ നീരജ് (21) കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
അന്വേഷണത്തിൽ പരാതിക്കാരന്‍റെ അയൽവാസിയായ നീരജ് എന്ന യുവാവിനെയും അന്നേ ദിവസം മുതൽ കാണാതായി എന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീരജ് കുട്ടിയുമായി ഡൽഹി വിട്ടു എന്ന് കണ്ടെത്തി. കുട്ടിയെ നീരജ് ഉത്തർപ്രദേശിലെ അലിഗഡിലെ മാതൃസഹോദരൻ സുനിത് ബാബുവിന്‍റെ വീട്ടിലെത്തിച്ചതായി പൊലീസ് അറിയിച്ചു.
അമ്മാവന്‍റെ ഭാര്യ നാല് ആൺമക്കളെ പ്രസവിച്ചെങ്കിലും അവരാരും ജീവിച്ചിരിപ്പില്ല. അതുകൊണ്ടാണ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അമ്മാവനെ വളർത്താൻ ഏൽപ്പിച്ചതെന്ന് നീരജ് പൊലീസിനോട് പറഞ്ഞു. ഇന്നലെ കുട്ടിയെ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും നീരജിനെയും അമ്മാവനെയും അറസ്റ്റ് ചെയ്‌തുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഇഷ പാണ്ഡെ പറഞ്ഞു.