നോട്ടുകള്‍ വാരിയെറിയുന്ന ദൃശ്യം ജയ്‌പൂര്‍ :രാജസ്ഥാനില്‍ കാറിന് മുകളില്‍ കയറി നോട്ടുകെട്ടുകള്‍ വാരി വിതറി യുവാവ്. ജയ്‌പൂരിലെ മാളവ്യ നഗറിലാണ് ലോകത്തെ വിസ്‌മയിപ്പിച്ച വെബ് സീരീസ് 'മണി ഹെയ്‌സ്റ്റി'ലെ ദൃശ്യങ്ങള്‍ അനുസ്‌മരിപ്പിക്കും വിധമുള്ള രംഗങ്ങള്‍ അരങ്ങേറിയത്. മണി ഹെയ്‌സ്റ്റിലെ കഥാപാത്രത്തെ പോലെ വസ്‌ത്രവും മുഖംമൂടിയും ധരിച്ചെത്തിയ യുവാവ് കാറിന് മുകളില്‍ കയറി നിന്ന് നോട്ടുകെട്ടുകള്‍ വായുവിലേക്ക് വലിച്ചെറിഞ്ഞു.
നോട്ടുമഴ കണ്ട ജനങ്ങള്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് വാഹനം റോഡില്‍ നിര്‍ത്തി പണം വാരിക്കൂട്ടാനുള്ള വ്യഗ്രതയിലായി. തിരക്കേറിയ സ്ഥലത്ത് പണം വാരിയെറിഞ്ഞതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. എറിയുന്ന നോട്ടുകള്‍ ജനങ്ങള്‍ ഓടി നടന്ന് പെറുക്കിയെടുക്കുന്നുണ്ട്.
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വൈറലായി. 40 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. സമൂഹ മാധ്യമങ്ങള്‍ തോറും വീഡിയോ പ്രചരിച്ചതോടെ യുവാവിന് പൊലീസിന്‍റെ പിടിവീണു. ജവഹര്‍ പൊലീസെത്തി യുവാവിനെ അറസ്റ്റ് ചെയ്‌തു.
യുവാവിനെ ചോദ്യം ചെയ്‌ത് വരികയാണെന്ന് ഡിസിപി ഗ്യാൻചന്ദ് യാദവ് പറഞ്ഞു. പിതാവിന്‍റെ കാറുമായാണ് എത്തിയതെന്നും ഒരു തമാശയ്‌ക്ക് വേണ്ടി ചെയ്‌തതാണെന്നും ചോദ്യം ചെയ്യലില്‍ യുവാവ് പൊലീസിനോട് വെളിപ്പെടുത്തി. ജനങ്ങള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ നോട്ടുകള്‍ കള്ളനോട്ടുകളാണോ എന്നതും പൊലീസ് അന്വേഷിച്ച് വരികയാണ്. വലിച്ചെറിഞ്ഞ നോട്ടുകളുടെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്നും ഡിസിപി പറഞ്ഞു.
കര്‍ണാടകയിലും നേരത്തെ സമാന സംഭവം: നേരത്തെ കര്‍ണാടകയില്‍ നിന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്ന യുവാവിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെംഗളൂരുവിലെ കെ ആര്‍ മാര്‍ക്കറ്റ് ഫ്ലൈ ഓവറിന് മുകളില്‍ നിന്നാണ് ഇയാള്‍ പണം വിതറിയിരുന്നത്. കോട്ടും സ്യൂട്ടും ധരിച്ചെത്തിയ ഇയാള്‍ പത്ത് രൂപ നോട്ടുകളാണ് ഫ്ലൈ ഓവറില്‍ നിന്നും താഴേക്ക് എറിഞ്ഞത്.
സംഭവത്തിന് പിന്നാലെ തിരക്കുള്ള റോഡില്‍ ജനങ്ങള്‍ നോട്ടുകള്‍ പെറുക്കിയെടുക്കാനെത്തിയത് വന്‍ ഗതാഗത കുരുക്കിന് കാരണമായി. സ്‌കൂട്ടറില്‍ ഫ്ലൈ ഓവറില്‍ എത്തിയ ഇയാള്‍ പണം എറിയുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. വാഹന യാത്രികര്‍ പോലും നടുറോഡില്‍ നിര്‍ത്തി നോട്ടുകള്‍ പെറുക്കിയെടുക്കുന്നത് വീഡിയോയില്‍ കാണാം. ജനങ്ങള്‍ക്കിടയിലേക്ക് നോട്ടുകള്‍ വാരിയെറിഞ്ഞതിന് ശേഷം ഇയാള്‍ സ്‌കൂട്ടറില്‍ തിരിച്ച് പോകുകയും ചെയ്‌തു.