മഥുര (ഉത്തര്‍പ്രദേശ്):നോയിഡ എക്‌സ്‌പ്രസ്‌വേയില്‍ കാറിന്‍റെ അടിഭാഗത്ത് കുടുങ്ങി 11 കിലോമീറ്ററോളം വലിച്ചിഴച്ചതിനെ തുടര്‍ന്ന് യുവാവ് മരണപ്പെട്ടു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട വ്യക്തി കാറിന്‍റെ അടിഭാഗത്ത് കുടുങ്ങുകയും ഇതറിയാതിരുന്ന ഡ്രൈവര്‍ ഇയാളെ ദീര്‍ഘദൂരം വലിച്ചിഴയ്‌ക്കുകയും ചെയ്‌തു.
കാറിന്‍റെ ഡ്രൈവര്‍ ഡല്‍ഹി സ്വദേശിയായ വീരേന്ദ്രര്‍ സിങാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്‌ച കുറഞ്ഞതിനാല്‍ റോഡ് ദൃശ്യമാകാതിരുന്നതാണ് അപകടം നടന്ന വിവരം തിരിച്ചറിയാതിരുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. അപകടത്തില്‍പെട്ട വ്യക്തി ദീര്‍ഘദൂരം വലിച്ചിഴയ്‌ക്കപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം വികൃതമാകപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി എക്‌സ്‌പ്രസ് വേയില്‍ കനത്ത മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ദൂരക്കാഴ്‌ചകള്‍ കാണാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കാര്‍ ഇടിച്ച് അപകടമുണ്ടാവുകയും കാറോടിച്ചിരുന്ന ഡ്രൈവര്‍, മഞ്ഞ് മൂടിയതിനാല്‍ അപകടവിവരം തിരിച്ചറിയുകയും ചെയ്‌തില്ല. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട ടോള്‍ പ്ലാസയിലെ ജീവനക്കാരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. കാര്‍ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന്' പൊലീസ് പറഞ്ഞു.
സംഭവസമയം കാറോടിച്ചിരുന്ന വ്യക്തി തന്‍റെ ഭാര്യയോടൊപ്പം ആഗ്രയില്‍ നിന്നും നോയിഡയിലേയ്‌ക്ക് പുറപ്പെടുകയായിരുന്നു. എന്നാല്‍, ഇരുവരും അപകടവിവരത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ അപകടസ്ഥലത്തിന് സമീപമുള്ള പ്രദേശവാസികളെ ചോദ്യം ചെയ്യുകയും പ്രദേശത്തെ സിസിടിവി നിരീക്ഷിക്കുകയും ചെയ്‌തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.