ചെന്നൈ: തമിഴ്‌നാട്ടിൽ കേന്ദ്രമന്ത്രിയുടെ സഹായി ചമഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയതായി പരാതി. തമിഴ്‌നാട്ടിലെ ബിജെപിയുടെ അരാനി ടൗൺ പ്രസിഡന്‍റ് ഭുവനേഷ് കുമാറാണ് നാല് പേർക്കെതിരെ പരാതി നൽകിയത്.
കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിയുടെ സഹായിയാണെന്ന് പറഞ്ഞ് നരോതമൻ എന്നൊരാളാണ് ബിജെപിയുടെ നിയമസഭ സീറ്റ് വാഗ്ദാനം ചെയ്തത്. തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതല കേന്ദ്രമന്ത്രി കിഷൻ റെഡ്ഡിക്കായിരുന്നു.
പാർട്ടി, സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പായി നരോതമൻ ഭുവനേഷിന്‍റെ പക്കൽ നിന്നും 50 ലക്ഷം കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. എന്നാൽ നരോതമൻ ഭുവനേഷിന് വാഗ്ദാനം ചെയ്ത സീറ്റ് പാർട്ടി നരോതമനാണ് നൽകിയത്. മാത്രമല്ല വേറെ നിയമസഭ സീറ്റ് തനിക്ക് നൽകിയില്ലെന്നും ഭുവനേഷ് പറഞ്ഞു. സംഭവത്തിൽ നരോതമൻ, പിതാവ് ചിട്ടിബാബു, വിജയരാമൻ, ശിവൻ ബാലാജി എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഭുവനേഷിനെക്കുറിച്ചും പണം നഷ്ടപ്പെട്ടതിനെക്കുറിച്ചും അറിഞ്ഞ ബിജെപി പാർട്ടി നേതൃത്വം ഇക്കാര്യങ്ങൾ തള്ളുകയാണുണ്ടായത്. ഭുവനേഷ് പാർട്ടിയുടെ ഒരു ഭാരവാഹി മാത്രമാണെന്നും അദ്ദേഹം ഇത്തരത്തിൽ തെരഞ്ഞെടുപ്പ് സീറ്റിനായി പണം നൽകിയത് വിശ്വസിക്കാൻ ആവില്ലെന്നും പാർട്ടി പറഞ്ഞു. ഈ പാർട്ടിയിൽ അത്തരത്തിൽ സീറ്റ് വാങ്ങാൻ കഴിയില്ലെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
Also read: കള്ളപ്പണം വെളുപ്പിക്കൽ; അനിൽ ദേശ്‌മുഖിന്‍റെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി