ഉത്തരകന്നഡ: വൈദ്യുതി ബില്ല് അടയ്‌ക്കാനുണ്ടെന്ന് പറഞ്ഞ് സന്ദേശം അയച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പണം അപഹരിച്ചു. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ അരഗ ഗ്രാമത്തിലെ നേവല്‍ബേസില്‍ താമസിക്കുന്ന രാജ്‌കുമാറാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ഒക്ടോബര്‍ 16നാണ് അപരിചിത നമ്പറില്‍ നിന്ന് രാജ്‌കുമാറിന് സന്ദേശം ലഭിക്കുന്നത്.
വൈദ്യുതി ബില്ല് അടയ്‌ക്കാനുണ്ടെന്ന് സന്ദേശം അയച്ച് ഓണ്‍ലൈനിലൂടെ തട്ടിപ്പ് - cyber crime news
ഇലക്‌ട്രിസിറ്റി ഓഫീസര്‍ ചമഞ്ഞ് ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യിപ്പിച്ചാണ് ഓണ്‍ലൈനിലൂടെ പണം അപഹരിച്ചത്.
ബില്ലടച്ചില്ലെങ്കില്‍ അന്ന് തന്നെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുമെന്നും തന്നിരിക്കുന്ന നമ്പറില്‍ ഇലക്‌ട്രിസിറ്റി ഓഫിസറെ വിളിക്കണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സന്ദേശം ആധികാരികമാണെന്ന് വിശ്വസിച്ച് തന്നിരിക്കുന്ന നമ്പറില്‍ രാജ്‌കുമാര്‍ വിളിക്കുകയായിരുന്നു. ഓട്ടോ ഫോര്‍വേഡ് എസ്‌എംഎസ്, ടീംവ്യൂവര്‍ എന്നീ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ രാജ്‌കുമാറിനോട് ഇലക്‌ട്രിസിറ്റി ഓഫിസര്‍ ചമഞ്ഞയാള്‍ ആവശ്യപ്പെട്ടു.
ഈ ആപ്പുകള്‍ രാജ്‌കുമാര്‍ ഡൗണ്‍ലോഡ് ചെയ്‌ത് കഴിഞ്ഞതിന് ശേഷം വാട്‌സ്‌ആപ്പ് വഴി തട്ടിപ്പുകാരന്‍ വീഡിയോകോള്‍ ചെയ്യുകയായിരുന്നു. രാജ്‌കുമാറിനോട് തന്‍റെ ഡെബിറ്റ് കാര്‍ഡുകളും ക്രഡിറ്റ്കാര്‍ഡും കാണിക്കാന്‍ വിഡിയോകോളില്‍ ഇയാള്‍ ആവശ്യപ്പെട്ടു. അതിന് ശേഷമാണ് ഈ കാര്‍ഡുകളില്‍ നിന്നായി 3,33,259 രൂപ രാജ്‌കുമാറിന് നഷ്‌ടപ്പെട്ടത്. കേസ് കര്‍ണാട സൈബര്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.