സർഗുജ :ഛത്തീസ്‌ഗഡിലെ സർഗുജ ജില്ലയിൽ ഏഴ് വയസുകാരിയായ മകളുടെ മൃതദേഹം ചുമലിലേറ്റി 10 കിലോമീറ്ററോളം നടന്ന് പിതാവ്. അംദാല സ്വദേശിയായ ഈശ്വർ ദാസ് എന്നയാൾ മകൾ സുരേഖയെ ചുമലിലേറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ ആരോഗ്യമന്ത്രി ടിഎസ് സിങ് ദിയോ അന്വേഷണത്തിന് ഉത്തരവിട്ടു.
രോഗബാധിതയായ മകളെ വെള്ളിയാഴ്‌ച (25.03.2022) രാവിലെയാണ് ലഖൻപൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചത്. കുട്ടിയിൽ ഓക്‌സിജന്‍റെ അളവ് വളരെ കുറവായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത പനി ബാധിച്ചതായാണ് കുട്ടിയുടെ പിതാവ് നൽകിയ വിവരം.
മകളുടെ മൃതദേഹം ചുമലിലേറ്റി പിതാവ് നടന്നത് 10 കിലോമീറ്ററോളം ; അന്വേഷണം ALSO READ:ജഡ്‌ജിയെ കൊലപ്പെടുത്തിയ കേസ് : വാട്‌സ്ആപ്പ് മേധാവിയെ വിളിച്ചുവരുത്താന്‍ ജാർഖണ്ഡ് ഹൈക്കോടതി നിർദേശം
തുടർന്ന് ആവശ്യമായ ചികിത്സ നൽകിയെങ്കിലും സുരേഖയുടെ നില വഷളാവുകയും തുടർന്ന് മരിക്കുകയുമായിരുന്നുവെന്ന് ഡോ. വിനോദ് ഭാർഗവ് പറഞ്ഞു. മൃതദേഹം കൊണ്ടുപോകാൻ ആംബുലന്‍സ് എത്തുമെന്ന് പിതാവിനോട് പറഞ്ഞിരുന്നു. എന്നാൽ അതിനുമുമ്പ് തന്നെ അദ്ദേഹം മൃതദേഹം ചുമലിലേറ്റി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഡോക്‌ടര്‍മാരുടെ വിശദീകരണം.
ദൃശ്യങ്ങൾ വൈറലായതോടെ, അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ല ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫിസറോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ വാഹനത്തിനായി കാത്തുനിൽക്കാൻ പിതാവിനെ പ്രേരിപ്പിക്കണമായിരുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.