അലിഗഡ് : വിവാഹേതര ബന്ധം ചോദ്യം ചെയ്‌തതിനെ തുടർന്ന് ഗർഭിണിയായ ഭാര്യയ്‌ക്ക് എച്ച്ഐവി അണുബാധിത സിറിഞ്ച് കുത്തിവച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. യുവതിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭര്‍ത്താവ് മഹേഷ് ഗൗതം ഉൾപ്പെടെ ഒൻപത് പേർക്കെതിരെ ലോധ പൊലീസാണ് കേസെടുത്തത്.
സംഭവത്തിൽ ഭർതൃവീട്ടുകാർക്കും സിറിഞ്ച് നൽകിയ നഴ്‌സിങ് ഹോം ഉടമയ്‌ക്കും പങ്കുള്ളതായി പരാതിയിൽ പറയുന്നു. നഴ്‌സിങ് ഹോം ഉടമ പ്രതിയുടെ ബന്ധുവാണ്.
also read:15 വയസുകാരിയെ ചുറ്റിക കൊണ്ട് ആക്രമിച്ച ശേഷം ബലാത്സംഗം ചെയ്‌തു ; പ്രതി പിടിയിൽ
മഹേഷ് ജില്ല ആശുപത്രിയിലെ പാത്തോളജി ലാബ് ടെക്‌നീഷ്യനാണ്. കഴിഞ്ഞ വർഷമാണ് യുവതിയുമായി ഇയാൾ വിവാഹിതനാകുന്നത്. എന്നാൽ പ്രതിയുടെ സഹപ്രവർത്തകയുമായി ഇയാൾക്ക് വിവാഹേതര ബന്ധമുള്ളതായി യുവതി കണ്ടെത്തി. ഇത് ചോദ്യം ചെയ്‌തതിനെ തുടർന്ന് വിവാഹമോചനം ആവശ്യപ്പെട്ട പ്രതി കുടുംബാംഗങ്ങളുടെ അറിവോടെ കൃത്യം നടത്തുകയായിരുന്നു.
യുവതി ഗർഭിണിയായ വിവരം അറിഞ്ഞത് മുതൽ തന്നെ ഭർത്താവും ഭര്‍തൃസഹോദരനും ഇത്തരമൊരു കുറ്റകൃത്യം നടത്താൻ പദ്ധതിയിട്ടിരുന്നതായി യുവതി ആരോപിച്ചു. സംഭവത്തിൽ മഹേഷ് ഉൾപ്പെടെ കുടുംബത്തിലെ ഒൻപത് പേർക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.