ചണ്ഡീഗഢ്: ഹരിയാനയില്‍ നായയെ ബെല്‍റ്റ് കൊണ്ട് അടിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആര്യ നഗര്‍ സ്വദേശിയായ സിതുവിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസമാണ് സംഭവം.
സിതു ബെല്‍റ്റ് കൊണ്ട് നായയെ അടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഫേസ് ബുക്കില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. നഗരത്തില്‍ അലഞ്ഞ് തിരിയുന്ന മൃഗങ്ങളെ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയിലെ (എന്‍ജിഒ) ആക്‌ടിവിസ്റ്റ് അരവിന്ദ് സോണിയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
പ്രതിയായ സിതു മറ്റൊരു നായയെ കൊന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ 1962ലാണ് മൃഗങ്ങളുടെ സംരക്ഷണത്തിനായി വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ രൂപീകരിച്ചത്.
അനാവശ്യമായി മൃഗങ്ങളെ ഉപദ്രവിക്കുകയും കൊല്ലുകയോ ചെയ്യുന്നത് തടയുക എന്നതാണ് ഈ നിയമം രൂപീകരിച്ചതിന്‍റെ ലക്ഷ്യം. വളര്‍ത്ത് മൃഗങ്ങളോടോ തെരുവില്‍ അലയുന്ന മൃഗങ്ങളോടോ ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍ജിഒ പ്രവര്‍ത്തകര്‍ പറയുന്നു.
അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ (എഡബ്ല്യൂബിഐ): 1962ല്‍ ഹരിയാനയിലെ ബല്ലഭ്‌ഗഢിലാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സ്ഥാപിതമായത്. രുക്‌മിണി ദേവി അരുണ്‍ഡേല്‍ എന്നയാളാണ് ഇതിന്‍റെ സ്ഥാപകന്‍. ഇതിന്‍റെ ആസ്ഥാനം ചെന്നൈയിലായിരുന്നു.
ഇന്ത്യ ഗവൺമെന്‍റിന്‍റെ ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയം (മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന വകുപ്പ്) എന്നിവയ്‌ക്ക് ഉപദേശം നൽകുന്ന ഒരു നിയമപരമായ ഉപദേശക സമിതി കൂടിയാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ.
ക്രൂരമര്‍ദനങ്ങളില്‍ അവശരായി മൃഗങ്ങള്‍:കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തെരുവ് നായകള്‍ അടക്കമുള്ള മൃഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള ക്രൂരതകള്‍ എല്‍ക്കേണ്ടി വരുന്നുണ്ട്. കേരളത്തിലെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് തെരുവ് നായയെക്രൂരമായി മര്‍ദിച്ച് കണ്ണ് അടിച്ച് പൊട്ടിച്ചത് ഇതിന് ഉദാഹരണമാണ്. പട്ടം കെഎസ്‌ഇബി ഓഫിസിലെ താത്‌കാലിക ജീവനക്കാരാണ് തെരുവ് നായയെ ഇത്തരത്തില്‍ മര്‍ദിച്ചത്. നായ കാറിന്‍റെ ബംബര്‍ കടിച്ച് നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ഇരുമ്പ് വടി കൊണ്ട് ക്രൂരമായിട്ടുള്ള മര്‍ദനം. നായയുടെ ഇടത് കണ്ണിന് പരിക്കേല്‍ക്കുകയും തലയോട്ടി പൊട്ടുകയും തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്‌തത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കര്‍ണാടകയിലും സ്ഥിതി ഇതുതന്നെ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നായ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കടപ്പാടിയിലെ സ്വകാര്യ കോളജ് ഹോസ്റ്റല്‍ പരിസരത്താണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. നായ കുട്ടിയെ ചാക്കിലാക്കി അടിച്ച് കൊല്ലുന്ന ദൃശ്യങ്ങളായിരുന്നു അത്. ഹോസ്റ്റല്‍ വാര്‍ഡന്മാരായ രണ്ട് പേരാണ് നായയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
also read:'പ്രഭാത സവാരിയ്‌ക്ക് വന്നില്ല'; നായയെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ച് ഉടമസ്ഥന്‍