ലഖ്‌നൗ:പ്രണയം അംഗീകരിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരന്‍. ഉത്തര്‍പ്രദേശിലെ ബരാബങ്കി ഫത്തേപൂരില്‍ വെള്ളിയാഴ്‌ചയാണ് (ജൂലൈ 21) സംഭവം. പ്രതി മുഹമ്മദ് റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ആസിഫ (18) എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഫത്തേപൂരിലെ മിത്വാര ഗ്രാമവാസികളാണിവര്‍. ഇവരുടെ വീടിന് സമീപം വച്ചാണ് കൊലപാതകം നടന്നത്.
അറുത്തെടുത്ത പെണ്‍കുട്ടിയുടെ തലയുമായി പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഗ്രാമവാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കഠാരയും ഇയാളില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. വീട്ടില്‍ വച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തെ കുറിച്ച് പൊലീസ് :കൊല്ലപ്പെട്ട ആസിഫയും ജാന്‍ മുഹമ്മദ് എന്നയാളും തമ്മില്‍ പ്രണയത്തിലായിരുന്നു. ജാന്‍ മുഹമ്മദിനെ വിവാഹം കഴിക്കണമെന്നായിരുന്നു ആസിഫയുടെ ആവശ്യം. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം ഈ ബന്ധത്തെ എതിര്‍ത്തിരുന്നു.
കഴിഞ്ഞ മെയ് 29ന് ജാന്‍ മുഹമ്മദിനും പിതാവ് ചാന്ദ് ബാബുവും ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്കെതിരെ ആസിഫയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
എന്നാല്‍, തന്‍റെ പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആസിഫ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ടാണ് റിയാസ് ആസിഫയുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. കൊലപാതകം നടന്ന ഇന്നലെ രാവിലെയും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
തര്‍ക്കത്തിന് ശേഷം റിയാസ് വീട്ടില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. തുടര്‍ന്ന്, തിരിച്ചെത്തിയ ഇയാള്‍ സഹോദരിയോട് വസ്‌ത്രം കഴുകാന്‍ ആവശ്യപ്പെട്ടു. വസ്‌ത്രം കഴുകാനായി വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ പിന്നില്‍ നിന്നുമെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗ്രാമവാസികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിയാസിനെ പിടികൂടിയതെന്ന് ഫത്തേപൂര്‍ അഡീഷണല്‍ എസ്‌പി അശുതോഷ് മിശ്ര പറഞ്ഞു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്‌തുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആസിഫയെ കൊലപ്പെടുത്താന്‍ റിയാസ് ഗൂഢാലോചന നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ക്രിമിനല്‍ക്കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ 15 ദിവസം മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പ്രണയത്തിന്‍റെ പേരില്‍ 16കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍:മകള്‍ മറ്റൊരു ആണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ 16കാരിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മെയ് അവസാനത്തോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ആണ്‍സുഹൃത്തുമായി 16കാരിയായ പെണ്‍കുട്ടി പ്രണയത്തിലാണെന്ന് മനസിലാക്കിയ മാതാപിതാക്കള്‍ കുട്ടിയോട് ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ച പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന്, പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി.
എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പിടികൂടിയത്.
More Read :പ്രണയം പിടികൂടി, വിലക്കേര്‍പ്പെടുത്തിയിട്ടും കണ്ടുമുട്ടി; 16 കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍