ബെംഗളൂരു: കർണാടകയിൽ ക്ഷേത്രത്തിൽ പ്രവേശിച്ച യുവതിക്ക് നേരെ വംശീയ അധിക്ഷേപവും ക്രൂര മർദനവും. അമൃതഹള്ളിയിലെ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിനുള്ളിൽ നിൽക്കുകയായിരുന്ന യുവതിയെ ബലമായി പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നതും പുറത്തെത്തിയ ശേഷം യുവതിയെ മർദിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തുവന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ:ഡിസംബർ 21 നാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. അമൃതഹള്ളിയിലെ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ എത്തിയ എന്നോട് മുനികൃഷ്‌ണപ്പ എന്നയാൾ അപമര്യാദയായി പെരുമാറി. കുളിക്കാതെയും വൃത്തിയില്ലാതെയും ക്ഷേത്രത്തിൽ വന്നു എന്ന് ആരോപിച്ചു. താൻ കറുത്തിട്ടാണെന്നും അതിനാൽ ഇവിടെ ദർശനം അനുവദിക്കില്ലെന്നും അയാൾ പറഞ്ഞു.
എന്നാൽ ക്ഷേത്രത്തിന് പുറത്തേക്ക് പോകാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുനികൃഷ്‌ണപ്പ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. മുടിയിൽ വലിച്ചിഴച്ച് ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയി. പുറത്തെത്തിയതിന് പിന്നാലെ ക്രൂരമായി മർദിക്കാൻ തുടങ്ങി. ക്ഷേത്രത്തിലെ പൂജാരിമാർ ആക്രമണം തടയാനെത്തിയെങ്കിലും കൃഷ്‌ണപ്പ ഇരുമ്പ് കമ്പി ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു.