ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്‍റര്‍നെറ്റിലൂടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തയാളെ സിബിഐ അറസ്റ്റ് ചെയ്‌തു. തഞ്ചാവൂര്‍ സ്വദേശിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ദുരുപയോഗം ചെയ്‌തതിനും ലൈംഗിക അതിക്രമം നടത്താന്‍ കുട്ടികളെ പ്രേരിപ്പിച്ചതുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ നാല് വര്‍ഷമായി ഇയാള്‍ നിരവധി കുട്ടികളെയാണ് ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയത്. കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഇയാള്‍ കുട്ടികളുടെ രഹസ്യ ദൃശ്യങ്ങളും ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഐസിഎസി (ഇന്‍റര്‍നാഷണല്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍) ഡാറ്റാബേസില്‍ നിന്ന് സിഎസ്‌എംഎം ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തി.
2022ല്‍ ന്യൂഡല്‍ഹിയില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച 90മത് ഇന്‍റര്‍പോള്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്‍റര്‍നെറ്റിലൂടെ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചും അവ തിരിച്ചറിയുന്നതിനെ കുറിച്ചും അന്വേഷണം നടത്താനുള്ള സുപ്രധാന പ്രമേയം പാസാക്കിയത്. ലോകമെമ്പാടുമുള്ള കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്‍റെ ആവശ്യം പ്രമേയത്തില്‍ ഉയര്‍ത്തിക്കാട്ടി. ഇത്തരത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാനായി ആരംഭിച്ചതാണ് ഓപ്പറേഷന്‍ കാര്‍ബണ്‍, ഓപ്പറേഷന്‍ മേഘചക്ര എന്നീ റെയ്‌ഡുകള്‍.
ഇന്‍റര്‍നെറ്റ് വഴി കുട്ടികളെ ലൈംഗിക ചൂഷണം ചെയ്യപ്പെടാതിരിക്കാനും ഇത്തരം പദ്ധതികള്‍ അനിവാര്യമാണെന്നും ഇത് തടയിടുന്നതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കേണ്ടത് അനിവാര്യമാണെന്നും ഇന്‍റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക് പറഞ്ഞു. നിരവധി കുട്ടികളാണ് ഇത്തരം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് ഇതിന്‍റെ മുഖ്യ ഇരകളാകുന്നതെന്നത് മറ്റൊരു വാസ്‌തവമാണ്.
മിക്കപ്പോഴും കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചോ അല്ലെങ്കില്‍ കുട്ടികള്‍ നേരത്തെ പരിചയമുള്ളവരോ ആയിരിക്കും ഇത്തരം അതിക്രമങ്ങള്‍ നടത്തുന്നത്. യുഎസ് സെന്‍റന്‍സിങ് കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കണ്ടെത്തിയ ഇത്തരം കേസുകളില്‍ 60 ശതമാനവും കുട്ടികളുമായി പരിചയമുള്ളവരാണ് .
ഇന്‍റര്‍നെറ്റ് കെണികളില്‍ നിന്ന് സുരക്ഷിതരാകാം: സ്‌മാര്‍ട് ഫോണുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും കൃത്യമായി അറിയുന്ന കാലമാണിത്. കുട്ടികള്‍ ഇത്തരം ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ എന്തിനെല്ലാം ഉപയോഗപ്പെടുത്തുന്നുവെന്ന് മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാറില്ലെന്നതാണ് മറ്റൊരു വാസ്‌തവം. എന്നാല്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടുന്നതിനുള്ള ഏതാനും ചില നുറുങ്ങുകളാണ് ഇനി പറയുന്നത്.
ഓണ്‍ലൈന്‍ സൈറ്റുകളിലോ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലോ നിങ്ങളുടെ മുഴുവന്‍ വ്യക്തിപരമായ കാര്യങ്ങളും വെളിപ്പെടുത്താതിരിക്കുക. അത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നത് നിങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ശല്യങ്ങളിലേക്ക് നയിക്കും. ടെക്‌സ്‌റ്റ് മെസേജിലൂടെയോ ഓൺലൈനിലൂടെയോ അശ്ലീലമായ ചിത്രങ്ങളോ സന്ദേശങ്ങളോ ലഭിച്ചാലുടന്‍ പൊലീസിലോ സൈബര്‍ സെല്ലിലോ വിവരം അറിയിക്കുക.
സുരക്ഷിതമായ ഇന്‍റര്‍നെറ്റ് കണക്‌ഷന്‍ ഉപയോഗിക്കുക. ലൈംഗിക അതിക്രമത്തിന് സഹായം തേടുമ്പോള്‍ അത് സുരക്ഷിതയിടമാണെന്ന് ഉറപ്പ് വരുത്തുക. സോഷ്യല്‍ മീഡിയകളിലും ഇന്‍റര്‍നെറ്റുകളിലും നല്ല രീതിയില്‍ ആശയ വിനിമയം നടത്താന്‍ കുട്ടികളെ സഹായിക്കുകയും അത് പരിശോധിക്കുകയും വേണം.