ഹൈദരാബാദ്:വ്യക്തികളുടെയും സംഘടനകളുടെയുമായി 66.9 കോടി പേരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയും കൈവശം വയ്‌ക്കുകയും വില്‍പന നടത്തുകയും ചെയ്‌ത പ്രതിയെ പൊലീസ് പിടികൂടി. 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെയും ഉള്‍പ്പടെ 66.9 കോടി പേരുടെ രഹസ്യവിവരങ്ങള്‍ മോഷ്‌ടിക്കുകയും വില്‍പന നടത്തുകയും ചെയ്‌ത വിനയ് ഭരദ്വാജ് എന്നയാളെയാണ് സൈബരാബാദ് പൊലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റോഡ് ട്രാൻസ്പോർട്ട് ഓർഗനൈസേഷനുകൾ, ജിഎസ്‌ടി തുടങ്ങിയവയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍, ഇ കൊമേഴ്‌സ് പോർട്ടലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക് കമ്പനികൾ, എഡ്യു ടെക് ഓര്‍ഗനൈസേഷനുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ എന്നിവ ഇയാളില്‍ നിന്നും കണ്ടെത്തി.
പിടികൂടിയവയില്‍ എന്തെല്ലാം:104 വിഭാഗങ്ങളിലായുള്ള വ്യക്തികളുടെയും സംഘടനകളുടെയും 66.9 കോടി ആളുകളുടെ വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ ഇയാള്‍ വില്‍പന നടത്തിയതായി കണ്ടെത്തിയെന്ന് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ച് ഇന്‍സ്‌പയര്‍വെബ്‌സ് എന്ന വെബ്‌സൈറ്റ് മുഖേന ക്ലൗഡ് ഡ്രൈവ് ലിങ്കുകൾ വഴി ഇയാള്‍ ആവശ്യക്കാര്‍ക്ക് ഈ രേഖകള്‍ വില്‍പന നടത്തുകയായിരുന്നു. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, പാൻകാർഡ് ഉടമകൾ, ഒമ്പത് മുതല്‍ പ്ലസ്‌ടു വരെയുള്ള വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഡല്‍ഹിയിലെ വൈദ്യുതി ഉപഭോക്താക്കള്‍, ഡി-മാറ്റ് അക്കൗണ്ട് ഉടമകള്‍, വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, നീറ്റ് വിദ്യാര്‍ഥികള്‍, സമ്പന്നര്‍, ഇന്‍ഷുറന്‍സ് ഉടമകള്‍, ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ ഉള്‍പ്പടെയുള്ളവരുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുവെന്നും പൊലീസ് വ്യക്തമാക്കി.