വെല്ലൂർ (തമിഴ്‌നാട്) : തമിഴ്‌നാട്ടിലെ വെല്ലൂരിൽ കടുവക്കുട്ടിയെ 25 ലക്ഷം രൂപയ്ക്ക് വിൽക്കുന്നുവെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പതിയിലെ നിയമ വിദ്യാർഥിയായ പാർഥിപനാണ് അറസ്റ്റിലായത്. കടുവക്കുട്ടിയുടെ ഫോട്ടോ സഹിതമുള്ള വാട്‌സാപ്പ് സ്റ്റാറ്റസിന്‍റെ കോപ്പി സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കടുവക്കുട്ടിയെ 25 ലക്ഷത്തിന് വിൽക്കുന്നെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ് ; യുവാവ് അറസ്റ്റിൽ - കടുവക്കുട്ടിയെ വിൽക്കുന്നുവെന്ന് സ്റ്റാറ്റസ്
തിരുപ്പതിയിലെ നിയമ വിദ്യാർഥിയായ പാർഥിപനാണ് കടുവക്കുട്ടിയെ 25 ലക്ഷം രൂപയ്ക്ക് വിൽക്കുന്നുവെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടത്. തുടർന്ന് ഇയാളെയും, പെറ്റ് ഷോപ്പ് നടത്തുന്ന സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു
'മൂന്ന് മാസം പ്രായമുള്ള കടുവക്കുട്ടി വിൽപ്പനയ്ക്ക്. ബുക്ക് ചെയ്‌ത് 10 ദിവസത്തിനകം ഡെലിവറി. ഒരു കടുവക്കുട്ടിയുടെ വില 25 ലക്ഷം രൂപ' എന്നായിരുന്നു വാട്‌സാപ്പ് സ്റ്റാറ്റസ്. സംഭവത്തിൽ വെല്ലൂർ വനം വകുപ്പും ലോക്കൽ പൊലീസും അന്വേഷണം നടത്തുകയും പാർഥിബനെ നഗരത്തിലെ കട്‌പടി ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാർഥിബന്‍റെ സുഹൃത്തായ ചെന്നൈ അമ്പത്തൂർ സ്വദേശി തമിഴ് എന്നയാൾക്ക് പെറ്റ് ഷോപ്പുണ്ട്.
സുഹൃത്തിന്‍റെ അഭ്യർഥനയെ തുടർന്നാണ് കടുവക്കുട്ടിയെ വിൽക്കുന്ന കാര്യം സൂചിപ്പിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതെന്ന് പാർഥിപൻ പറഞ്ഞു. ഇയാള്‍ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തമിഴിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരുടെ പക്കൽ യഥാർഥത്തിൽ കടുവ കുഞ്ഞുങ്ങളുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് വന്യജീവി സംരക്ഷണ സംഘം അന്വേഷിച്ചുവരികയാണ്.