ബെംഗളൂരു: കര്‍ണാടകയില്‍ കൂട്ടബലാത്സംഗത്തിനിരയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിന്ധനൂര്‍ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. സിന്ധനൂര്‍ സ്വദേശിയായ മല്ലപ്പയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ മൂന്ന് പേര്‍ ഒളിവില്‍.
മെയ് 24നാണ് കേസിനാസ്‌പദമായ സംഭവം. തയ്യല്‍ ജോലി ചെയ്‌താണ് വീട്ടമ്മയും കുടുംബവും ജീവിച്ചിരുന്നത്. പ്രദേശവാസിയായ മല്ലപ്പ തയ്യല്‍ ചെയ്‌ത് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയുടെ അടുത്തെത്തിയത്. ഇതേ ആവശ്യം പറഞ്ഞ് നിരന്തരം വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു.
ഇതിന് പിന്നാലെ ഇയാള്‍ നിരവധി തവണ വീട്ടമ്മയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടമ്മ വഴങ്ങിയിരുന്നില്ല. മെയ് 23ന് വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയി. വീടിന് സമീപത്തെ കനാലിനരികെ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി.
തുടര്‍ന്ന് ഇയാളുടെ കൂട്ടാളികള്‍ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് പിന്നാലെ അബോധാവസ്ഥയിലായ വീട്ടമ്മയെ നാട്ടുകാരാണ് കനാലിനരികെ കണ്ടത്. ഉടന്‍ തന്നെ മകനെ വിവരം അറിയിക്കുകയും സിന്ധനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ മികച്ച ചികിത്സ ലഭ്യമാക്കാനായി റായ്‌ചൂരിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സക്കിടെ വീട്ടമ്മ മരിച്ചു.
മരണത്തിന് മുമ്പും പ്രതിയെ കുറിച്ച് മൊഴി നല്‍കി:ക്രൂര പീഡനത്തിന് ഇരയായ വീട്ടമ്മ ചികിത്സയിലിരിക്കെ സിന്ധനൂര്‍ പൊലീസെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യ പ്രതിയായ മല്ലപ്പയടക്കം തന്നെ ബലമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വീട്ടമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.