ചെന്നൈ:മലേഷ്യയിൽ നിന്ന് അപൂർവയിനം ജീവികളെ ചെന്നൈയിലേക്ക് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഒരു മലേഷ്യൻ എയർലൈനിൽ എത്തിയ പ്രതിയെയാണ് ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്. അപൂർവയിനങ്ങളായ ടെഗു പല്ലികൾ, റാക്കൂൺ എന്നിവയെ ഇയാളിൽ നിന്നും പിടികൂടി.
ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. വിമാനത്തിൽ നിന്നിറങ്ങിയ ഇയാൾ സംശയാസ്‌പദമായ രീതിയിൽ രണ്ട് വലിയ പ്ലാസ്റ്റിക് കുട്ടകളും വഹിച്ചാണ് എത്തിയത്. യാത്രക്കാരനെ തടഞ്ഞുനിർത്തിയ ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കുട്ടകൾ പരിശോധിച്ചതിൽ നിന്ന് അപൂർവയിനങ്ങളായ വിദേശ ജീവികളെ കണ്ടെത്തി.
ഒരു കുട്ടയിൽ നാല് ടെഗു പല്ലികളും മറ്റൊരു കുട്ടയിൽ ഒരു റാക്കൂണുമാണ് ഉണ്ടായിരുന്നത്. ബ്രസീൽ, തെക്കേ അമേരിക്ക, വടക്കൻ അർജന്‍റീന പോലുള്ള രാജ്യങ്ങളിലെ ഉൾവനങ്ങളിൽ മാത്രം കണ്ടുവരുന്ന ടെഗു പല്ലികൾ ഉഗ്രവിഷമുള്ള ഉരഗജീവികളാണ്. ഇവയ്‌ക്ക് അഞ്ചടി വരെ നീളത്തിൽ വളരാനുള്ള ശേഷിയുമുണ്ട്.
വടക്കേ അമേരിക്കയിൽ അധികമായി കണ്ടുവരുന്ന റാക്കൂൺ എന്ന സസ്‌തനിയും ഏറെ ആക്രമണകാരിയാണ്. പ്രതിയിൽ നിന്ന് പിടികൂടിയ ജീവികളെ വന്യജീവി സംരക്ഷണ വകുപ്പിന് കൈമാറി. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ച ഉദ്യോഗസ്ഥർ, കടത്താൻ ശ്രമിച്ച അപൂർവ ജീവികളെ അതേ വിമാനത്തിൽ തിരികെ മലേഷ്യയിലേക്ക് അയക്കുമെന്നും അറിയിച്ചു.