ചെന്നൈ:ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശം നൽകിയയാൾ പിടിയിൽ. ചെന്നൈ മണാലി സ്വദേശിയായ യുവാവിനെയാണ് അറസ്റ്റ് ചെയ്‌തത്. 174 യാത്രക്കാരുമായി ദുബായിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിൽ സ്‌ഫോടക വസ്‌തുക്കളുമായി ഒരു യാത്രക്കാരൻ ഉണ്ട് എന്നായിരുന്നു ചെന്നൈ മെട്രോപൊളിറ്റൻ പൊലീസ് കൺട്രോൾ റൂമിലേക്ക് ഇയാൾ വിളിച്ച് അറിയിച്ചത്.
കുടുംബ വഴക്ക്, സഹോദരിയും ഭർത്താവും യാത്ര ചെയ്‌ത വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ - വിമാനത്തിൽ ബോംബുണ്ടെന്ന് ഭീഷണി
ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിലായിരുന്നു വ്യാജ ബോംബ് ഭിഷണി .
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ചെന്നൈ വിമാനത്താവളത്തിൽ വിവരമറിയിച്ചു. തുടർന്ന് ബോംബ് സ്‌ക്വാഡ് വിദഗ്‌ധർ വിമാനം വിശദമായി പരിശോധിച്ചെങ്കിലും വിമാനത്തിൽ ബോംബുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് ഫോൺ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
അതേസമയം കുടുംബ വഴക്കിനെത്തുടർന്നാണ് വ്യാജ ബോബ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. തന്‍റെ അനുജത്തിയും ഭർത്താവും ആ വിമാനത്തിൽ ദുബായിലേക്ക് പോകാനിരിക്കുകയായിരുന്നു. അവരുടെ യാത്ര മുടക്കുന്നതിനായാണ് വ്യാജ സന്ദേശം നൽകിയതെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. പരിശോധനയെത്തുടർന്ന് വിമാനം വൈകിയാണ് പുറപ്പെട്ടത്.