ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ആറ് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിലെ പ്രതി പിടിയിൽ. ഹരിയാനയിലെ റോഹ്‌തക് സ്വദേശിയാണ് പിടിയിലായത്. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
പീഡനത്തിനിരയായ പെൺകുട്ടി ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്‌ചയാണ് പെൺകുട്ടി പീഡനത്തിനിരയായത്. വീടിന് സമീപത്തെ കമ്യൂണിറ്റി ഭക്ഷണവിതരണത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തിയ കുട്ടിയിൽ നിന്ന് രക്തസ്രാവം വരുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത്. ദിവസവേതനത്തിന് ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ പിതാവ്.
പ്രതിയെ തിരിച്ചറിയാൻ പൊലീസ് 100ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്ത് നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്ന് പ്രതി കുട്ടിയുമായി നിൽക്കുന്നതും കുട്ടി പ്രതിയെ പിൻതുടരുന്നതും പൊലീസ് കണ്ടെത്തി.