കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ഉന്നതനായ ഒരു നേതാവ് യോഗത്തില്‍ ഉണ്ടാകും. ജൂണ്‍ 21ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മുംബൈയില്‍ നടക്കുക.
മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതിനാലാണ് യോഗത്തില്‍ മമത പങ്കെടുക്കാത്തത് എന്നാണ് ടിഎംസി നല്‍കുന്ന വിശദീകരണം. ജൂണ്‍ 15ന് മമത ഡല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ 17 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അന്ന് പ്രതിപക്ഷ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനം ആയില്ല.
ഇതോടെയാണ് മുംബൈയില്‍ വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്. രാജ്യത്തിന്‍റെ മതേതരത്വവും, ജനാധിപത്യ ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പൊതു സമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷത്തിന്‍റെ നീക്കം. നേരത്തെ മമത വിളിച്ച യോഗത്തില്‍ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, എൻസിപി, ഡിഎംകെ, ആർജെഡി, ഇടതുപക്ഷ പാർട്ടികളുടെ നേതാക്കൾ എന്നിവര്‍ പങ്കെടുത്തിരുന്നു.
എഎപി, എസ്‌എഡി, എഐഎംഐഎം, തെലങ്കാന രാഷ്‌ട്ര സമിതി, ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി എന്നിവ യോഗത്തില്‍ നിന്നും വിട്ടുനിന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 10.86 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎക്ക് ഇതില്‍ 48 ശതമാനം വോട്ടുവിഹിതം സ്വന്തമായുണ്ട്. മാത്രമല്ല പ്രതിപക്ഷ ചേരിയില്‍ ചേരാത്ത ചില പാര്‍ട്ടികളുടെ പിന്തുണക്കായി എന്‍ഡിഎ ശ്രമിക്കുന്നുമുണ്ട്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളെ അടക്കം തങ്ങളുടെ ചേരിയില്‍ എത്തിക്കാനായി രാജ്‌നാഥ് സിങും, ജെപി നദ്ദയും വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുമുണ്ട്.
Also Read:രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂണ്‍ 21ന്