കൊൽക്കത്ത: സിആര്‍പിഎഫിനെതിരെ ഉന്നയിച്ച വിമർശനത്തില്‍ വിശദീകരണം തേടിയുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടിസിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മറുപടി. മാതൃകാപെരുമാറ്റച്ചട്ടം താൻ ലംഘിച്ചിട്ടില്ലെന്നും വോട്ടർമാരെ സ്വാധീനിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ വോട്ടെടുപ്പിനിടെ കേന്ദ്ര സേനകൾ ബിജെപിയെ അനുകൂലിച്ചെന്നായിരുന്നു മമതയുടെ ആരോപണം.
മാർച്ച് 28, ഏപ്രിൽ 7 തീയതികളിൽ കേന്ദ്ര സേനയ്‌ക്കെതിരെ ഉന്നയിച്ച പ്രസ്താവനകൾ സംബന്ധിച്ച് ഏപ്രിൽ 10നകം നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് കമ്മിഷൻ മമതയ്ക്ക് നോട്ടിസ് അയയ്ക്കുന്നത്. രണ്ടാം തവണയാണ് നോട്ടിസ് അയയ്ക്കുന്നത്.
ദുഷ്ടശക്തികളുടെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെടരുതെന്ന മമതയുടെ ഏപ്രിൽ മൂന്നിലെ പരാമർശത്തിനെതിരെ 48 മണിക്കൂറിനുള്ളിൽ നിലപാട് വിശദീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
കൂടുതൽ വായിക്കാൻ:വര്‍ഗീയ പരാമര്‍ശം; മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്