ന്യൂഡല്‍ഹി:ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്‌വി. പരാജയ ഭീതിയില്‍ മുഖ്യമന്ത്രി വിഷാദത്തിലാണെന്നും ആക്രമണമുണ്ടാക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണെന്നും നഖ്‌വി വിമര്‍ശിച്ചു. ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെ പോളിങ് ബൂത്തില്‍ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ വിമര്‍ശനം.
അക്രമരഹിതമായ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങള്‍ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി തങ്ങളുടെ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനും ആക്രമണത്തെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുകയാണ്. ഈ സംഭവങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ടിഎംസി തുടച്ചുനീക്കപ്പെടാന്‍ പോവുകയാണെന്നാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ എന്തുതരം വിഷാദത്തിലേക്കാണ് മുഖ്യമന്ത്രി പോവുകയെന്നും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് മാത്രമാണ് പറയാന്‍ സാധിക്കുകയെന്നും മന്ത്രി പറഞ്ഞു.