ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹിന്ദു വിഭാഗത്തിലെ ഒബിസി സമുദായങ്ങൾക്ക് സംവരണം നിഷേധിക്കുന്നതായി ബിജെപി. ഒ.ബി.സി-എ ക്വാട്ട പ്രകാരം പശ്ചിമ ബംഗാൾ പൊലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് താൽക്കാലികമായി തെരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പട്ടിക പങ്കുവെച്ചാണ് ബി.ജെ.പി പശ്ചിമ ബംഗാൾ കോ-ഇൻചാർജ് അമിത് മാൽവിയ ഇക്കാര്യം പറഞ്ഞത്.
സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള താൽക്കാലിക പട്ടികയിൽ ഒ.ബി.സി-എയിൽ (കൂടുതൽ പിന്നാക്കക്കാർ) ഉൾപ്പെട്ട 80 ഗ്രൂപ്പുകളിൽ 72 പേർ മുസ്‌ലിം മതത്തിൽപ്പെട്ടവരാണെന്നും ഒ.ബി.സി-ബിയിൽ (പിന്നാക്കക്കാർ) 40 ഗ്രൂപ്പുകളിലും മുസ്‌ലിം ജനതയാണെന്നും മാൽവിയ ട്വീറ്റ് ചെയ്തു. അതായത് ഒ.ബി.സി വിഭാഗത്തിൽ ലിസ്റ്റു ചെയ്തിട്ടുള്ള 170 ഗ്രൂപ്പുകളിൽ 112 മുസ്ലീം മതത്തിൽപ്പെട്ടവരാണ്. പശ്ചിമ ബംഗാളിലെ ഒബിസി സംവരണത്തിൽ മുസ്ലീങ്ങളുടെ അമിത പ്രാതിനിധ്യം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.