മുംബൈ :ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹർജി നാളെ ബോംബെ ഹൈക്കോടതി പരിഗണിക്കും. ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ നൽകിയ പരാതി റദ്ദാക്കണമെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം. 2021 ഡിസംബർ 1ന് മമത ബാനർജിയുടെ മഹാരാഷ്‌ട്ര സന്ദർശനത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം.
മുംബൈയിലെ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ മമത ബാനർജി ഇരിപ്പിടത്തിൽ തന്നെ തുടരുകയും പിന്നീട് എഴുന്നേറ്റ് നിൽക്കുകയും ചെയ്‌ത് അനാദരവ് കാണിച്ചു എന്നാണ് പരാതി. മമത ബാനർജിയുടെ പ്രവര്‍ത്തി 1971ലെ ദേശീയഗാന നിയമത്തിന്‍റെ ലംഘനം ആണെന്നും കോടതിയിൽ പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
ദേശീയഗാനത്തോട് അനാദരവ് കാട്ടിയാൽ ശിക്ഷിക്കാൻ വ്യവസ്ഥ ഉണ്ടെന്നും ബോധപൂർവം ദേശീയഗാനത്തെ അപകീർത്തിപ്പെടുത്തിയാൽ മൂന്ന് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുണ്ടെന്നും പരാതിക്കാരൻ ഹർജിയിൽ പറഞ്ഞിരുന്നു. സെഷൻസ് കോടതി ഇത് പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് മമത ബാനർജിക്ക് കോടതി സമൻസ് അയച്ചിരുന്നു.
എന്നാൽ, സമൻസിനെതിരെ മമത ബാനർജി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ പരാതി നൽകിയ വ്യക്തി ആ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മാധ്യമങ്ങളിൽ എഡിറ്റ് ചെയ്‌ത് പ്രചരിച്ച ചില വാർത്തകൾ കണ്ടതിന് ശേഷമാണ് തനിക്കെതിരെ പരാതിക്കാരൻ ആരോപണം ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ സമൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് മമത ബാനർജി ഹൈക്കോടതിയിൽ ഹർജി നൽകിയത്.