കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാന്‍ ബിജെപി തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണങ്ങള്‍ തള്ളി ബിജെപി. മമത ബാനര്‍ജിക്ക് എല്ലാത്തിലും ഗൂഢാലോചന കണ്ടെത്തുന്ന ശീലമുണ്ടെന്നും കാലിനേറ്റ പരിക്ക് മമത രാഷ്‌ട്രീയമായി ഉപയോഗിച്ചെന്നും ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകന്ദ മജുംദാര്‍ ആരോപിച്ചു.
'മമതക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് പറയുന്നത് തെറ്റാണ്. എല്ലാത്തിലും ഗൂഢാലോചന ആരോപിക്കുന്നത് അവരുടെ ശീലമാണ്. മമതയുടെ കാലിനേറ്റ പരിക്കിന്‍റെ സത്യാവസ്ഥയും അതെങ്ങനെയാണ് അവര്‍ രാഷ്ട്രീയമായി ഉപയോഗിച്ചതെന്നും ജനങ്ങള്‍ക്കറിയാം,' മജുംദാര്‍ പറഞ്ഞു. ഭീതിജനകമായ അന്തരീഷമാണ് നിലവിലുള്ളതെന്നും അതിനിടയിലും ബിജെപിക്ക് വോട്ട് നല്‍കിയ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: ഭവാനിപൂരില്‍ മമത ബാനർജിക്ക് റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയം
58,000 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തിലാണ് ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി ജയിച്ചത്. ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മമത ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ബംഗാളില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും മത്സരിക്കാതിരിക്കാനാണ് കാലിന് പരിക്കേല്‍പ്പിച്ചതെന്നും മമത ആരോപിച്ചിരുന്നു.
ഭവാനിപൂർ മണ്ഡലത്തിൽ 84,709 വോട്ടാണ് മമത ബാനർജി നേടിയത്. ഈ മണ്ഡലത്തിലെ ഇതുവരെയുള്ള ഏറ്ററവും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് വിജയം. ബിജെപി സ്ഥാനാർഥിക്ക് 26,320 വോട്ടാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയോട് പരാജയപ്പെട്ട സാഹചര്യത്തിലാണ് സൊബൻദേബ് ചതോപാധ്യായ രാജിവച്ച് മമതയ്ക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത്.