കൊൽക്കത്ത: ജനുവരി 22 ന് നടക്കുന്ന അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ നിന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവുമായ മമത ബാനർജി വിട്ടുനിന്നേക്കും. പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മമതാ ബാനർജി തീരുമാനിച്ചതായാണ് സൂചന. ജോലിഭാരം കാരണം മമതയ്‌ക്ക് ചടങ്ങിൽ പങ്കെടുക്കാനാകില്ലെന്നാണ് ചില തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ നല്‍കുന്ന വിവരം. എന്നാൽ പാർട്ടി നേതാക്കളാരും ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍ വിട്ടുനില്‍ക്കലിന്‍റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല (Mamata Banerjee to Abstain From Ayodhya Ceremony).
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ധ്രുവീകരണത്തിന്‍റെ ഭാഗമാകാൻ തൃണമുല്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പല നേതാക്കളുടെയും പ്രതികരണം സൂചിപ്പിക്കുന്നത്. തങ്ങളുടെ നേതാക്കള്‍ ആരും തന്നെ പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ് നടത്തിയ പ്രതികരണത്തില്‍ നിന്ന് വ്യക്‌തമാകുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ചടങ്ങിന് പോകുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ ഈ ചോദ്യം പോലും അപ്രസക്‌തമാണെന്നാണ് കുനാൽ ഘോഷ് പ്രതികരിച്ചത് (Trinamool Stand On Ayodhya Installation Ceremony).
"ക്ഷണം വന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവുമില്ല. ഞങ്ങൾ ശ്രീരാമനെ ആരാധിക്കുന്നു, എന്‍റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു, ക്ഷേത്രത്തിൽ ആരാധിക്കുന്നു. പക്ഷേ, ബിജെപി രാമനെ തിരഞ്ഞെടുപ്പ് അജണ്ടയായി ഉപയോഗിക്കുന്നു. അതുകൊണ്ട് അവരുടെ ഇത്തരം പരിപാടികളെ ഞങ്ങൾ പിന്തുണയ്ക്കുന്നില്ല." കുനാൽ ഘോഷ് പറഞ്ഞു.