കൊല്‍ക്കത്ത:നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ അമര്‍ത്യ സെന്നും വിശ്വഭാരതി സര്‍വകലാശാലയും തമ്മിലുള്ള ഭൂമി തര്‍ക്കത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇടപെട്ടിരുന്നു. ഭൂമിയുടെ രേഖകള്‍ പോലും മമത അമര്‍ത്യ സെന്നിന് കൈമാറിയിരുന്നു. എന്നിരുന്നാലും, വിശ്വഭാരതി സര്‍വകലാശാലയും അമര്‍ത്യ സെന്നുമായുള്ള ഭൂമി തര്‍ക്കം ദിനംപ്രതി കൂടുതല്‍ വഷളാവുകയാണ്.
മെയ് ആറിനകം ഭൂമി ഒഴിഞ്ഞില്ലെങ്കില്‍ 1971ലെ കേന്ദ്ര ഭൂനിയമ പ്രകാരം ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ ഒഴിപ്പിക്കേണ്ടി വരുമെന്ന് അറിയിച്ചുകൊണ്ട് വിശ്വഭാരതി സര്‍വകലാശാല അദ്ദേഹത്തിന് നോട്ടിസ് അയച്ചിരുന്നു. കൈവശമുള്ള ഭൂമിയുടെ മുഴുവന്‍ ഭാഗത്തിന്‍റെയും അംഗീകൃത ഉടമ തങ്ങളാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സെന്‍ കുടുംബം സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് വിശ്വഭാരത് സര്‍വകലാശാല നോട്ടിസ് അയച്ചത്. ഇതേതുടര്‍ന്ന് 89 വയസുള്ള സാമ്പത്തിക ശാസ്‌ത്രജ്ഞനെ മനഃപൂര്‍വം ഉപദ്രവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തുവന്നിരുന്നു.
വീട് തകര്‍ത്താല്‍ ധര്‍ണയിരിക്കുമെന്ന് മമത: എന്നാല്‍, സര്‍വകലാശാലയും അമര്‍ത്യ സെന്നുമായുള്ള പോരാട്ടത്തില്‍ മമത ബാനര്‍ജി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. ശാന്തിനികേതനിലെ പ്രാടിച്ചിയിലുള്ള അമര്‍ത്യ സെന്നിന്‍റെ വീട് തകര്‍ക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങളുണ്ടാവുകയാണെങ്കില്‍ വീടിന് മുമ്പിലിരുന്നുകൊണ്ട് ധര്‍ണ നടത്തുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മമത കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.
ബംഗാളിനെ തകര്‍ക്കാന്‍ പല വിധത്തിലുള്ള ശ്രമങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുകയാണെന്ന് മമത പറഞ്ഞു. 'ജംഗിള്‍ രാജ് നടക്കുന്ന ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ പോലെയല്ല ബംഗാള്‍. ബില്‍ക്കിസ് ബാനു ബലാത്സംഗം നടന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് എല്ലാ പ്രതികളെയും വെറുതെവിട്ടത് എങ്ങനെ'-മമത ചോദിച്ചു.