ന്യൂഡല്‍ഹി: ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകുകയാണെന്ന സൂചന നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുമായി മമത കൂടിക്കാഴ്‌ച നടത്തും. നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ ഡല്‍ഹി യാത്രയാണ് മമതയുടേത്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ണായക നീക്കമായാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കമല്‍ നാഥ്, ആനന്ദ് ശര്‍മ, അഭിഷേക് മനു സിങ്‌വി എന്നിവരുമായും മമത ഇന്ന് കൂടിക്കാഴ്‌ച നടത്തും.
പ്രധാനമന്ത്രിയുമായി ഔപചാരിക കൂടിക്കാഴ്‌ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈകീട്ട് നാലിനാണ് കൂടിക്കാഴ്‌ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായി നടത്തുന്നത് ഔപചാരിക കൂടിക്കാഴ്‌ച മാത്രമാണെന്നും സംസ്ഥാനത്തിന്‍റെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നുമാണ് സൂചന. രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്‌ചക്കും മമത അനുമതി വാങ്ങിയിട്ടുണ്ട്.
അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയവരെ കാണും. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ, ആര്‍ജെഡി പാര്‍ട്ടി നേതാക്കളുമായും മമത കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. വെള്ളിയാഴ്‌ച വരെ ഡല്‍ഹിയില്‍ തങ്ങുന്ന മമത വര്‍ഷകാല സമ്മേളനം നടക്കുന്ന പാര്‍ലമെന്‍റില്‍ സന്ദര്‍ശനം നടത്തും.