ന്യൂഡൽഹി: ഡൽഹി സന്ദർശനം വിജയകരമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും മമത വ്യക്തമാക്കി. ഡൽഹി സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത.
സന്ദർശനത്തിൽ നിരവധി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ തൃണമൂൽ കോൺഗ്രസ് മേധാവി സന്ദർശനഫലം മികച്ചതാണെന്നും പ്രതികരിച്ചു. ജനാധിപത്യം ശക്തിപ്പെടെണമെന്നും അതിനായി പ്രതിപക്ഷം ഐക്യപ്പെടേണ്ടതുണ്ടെന്നും മമത പറഞ്ഞു. 'ജനാധിപത്യം സംരക്ഷിക്കുക, രാജ്യത്തെ സംരക്ഷിക്കുക' എന്നതാവണം നമ്മുടെ മുദ്രാവാക്യമെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കർഷകർക്ക് ഐക്യദാർഢ്യം അറിയിച്ച് മമത
രാജ്യത്ത് എല്ലാവരിലേക്കും വികസനം എത്തണം. കർഷകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. കർഷകർക്കുള്ള എന്‍റെ പിന്തുണ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുമെന്നും മമത വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ദേശീയ തലസ്ഥാനത്തായിരുന്ന മുഖ്യമന്ത്രി 2024ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു ഐക്യമുന്നണി രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും മമത ചൊവ്വാഴ്‌ച സന്ദർശിച്ചിരുന്നു.
ബിജെപിക്കെതിരെ പ്രതിപക്ഷം ഐക്യപ്പെടണം
കൂടാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ, നടി ഷബാന ആസ്‌മി എന്നിവരുമായും വ്യാഴാഴ്‌ച അവർ കൂടിക്കാഴ്‌ച നടത്തി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായ ചർച്ച നടത്തിയ മുഖ്യമന്ത്രി, ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ഒത്തുചേരേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. ആർജെഡി നേതാവ് ലാലു പ്രസാദുമായി സംസാരിച്ചതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ALSO READ:'ബി.ജെ.പിയെ ഇറക്കും,ചര്‍ച്ച വിജയകരം'; സോണിയയെയും രാഹുലിനെയും സന്ദര്‍ശിച്ച് മമത