കൊല്‍ക്കത്ത:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം സമ്മാനിച്ചാല്‍ തൃണമൂല്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ താഴെയിറക്കാന്‍ അമിത് ഷാ ഗൂഡാലോചന നടത്തുകയാണെന്ന് മമത കുറ്റപ്പെടുത്തി. ഏത് നിയമപ്രകാരം സംസ്ഥാന സർക്കാരിനെ പുറത്താക്കുന്നതിനെക്കുറിച്ചാണ് ഷാ സംസാരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകര്‍ക്ക് മുന്നില്‍ അവര്‍ പ്രതികരിച്ചു.
പുല്‍വാമയില്‍ അന്വേഷണം വേണം:ആഭ്യന്തരമന്ത്രി ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ലംഘിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുപകരം ഗൂഢാലോചനയാണ് അദ്ദേഹം നടത്തുന്നത്. ഭരണഘടന മാറ്റുകയാണോ ഉദ്യേശമെന്നും മമത ബാനര്‍ജി ചോദിച്ചു. തങ്ങൾ ഇന്ത്യൻ സൈന്യത്തെ ബഹുമാനിക്കുകയും അവരുടെ ത്യാഗത്തിൽ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും അതിനാല്‍ തന്നെ പുൽവാമ ഭീകരാക്രമണക്കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മമത:ബംഗാളില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കെതിരെ കേന്ദ്രത്തിനെ വിമര്‍ശിക്കാനും മമത മറന്നില്ല. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ നേരിടാൻ കേന്ദ്രം 151 ടീമുകളെ അയച്ചു. തങ്ങളുടെ പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി. ഇപ്പോൾ ഈയിടെ നടന്ന രാമനവമിയിലുണ്ടായ അക്രമങ്ങളിൽ താൻ ഞെട്ടിപ്പോയി എന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാളിൽ സർക്കാരുമായി നേരിട്ട് ബന്ധമില്ലാത്ത എന്തെങ്കിലും സംഭവിക്കുമ്പോൾ കേന്ദ്ര സംഘത്തെ അയക്കുന്നുവെന്നും, എന്നാൽ ജമ്മു കശ്‌മീരില്‍ ജവാൻമാർ കൊല്ലപ്പെട്ട സംഭവങ്ങളില്‍ എത്ര കേന്ദ്ര സംഘങ്ങളെ അയച്ചുവെന്നും മമത കുറ്റപ്പെടുത്തി.