കൊൽക്കത്ത: താജ്‌പൂർ ആഴക്കടൽ തുറമുഖത്തിന്‍റെ വികസനത്തിന് (Tajpur port development tender) ഉടൻ പുതിയ ടെൻഡർ വിളിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ (ബിജിബിഎസ്) പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് മമത ഇക്കാര്യം അറിയിച്ചത്(Bengal global business summit 2023).
പദ്ധതിയുടെ ആരംഭ ഘട്ടത്തിൽ ബംഗാൾ സർക്കാർ പറഞ്ഞത് തുറമുഖ വികസന പദ്ധതി അദാനി ഗ്രൂപ്പ് ചെയ്യുമെന്നായിരുന്നു. 2022 ഒക്‌ടോബറിലായിരുന്നു പദ്ധതിയുടെ ടെൻഡർ അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡിന് (APSEZ) നൽകാൻ ഉദ്ദേശിച്ചത്. അവസാന റൗണ്ടിലെ രണ്ട് ലേലക്കാരിൽ മുന്നിൽ അദാനി ഗ്രൂപ്പായിരുന്നു. ലേലത്തിൽ ജെ എസ് ഡബ്ല്യു ഗ്രൂപ്പും പങ്കെടുത്തിരുന്നു(Adani Ports and SEZ Ltd).
എന്നാൽ ബംഗാൾ മുഖ്യമന്ത്രിയുടെ പുതിയ നിലപാട് മെഗാ ആഴക്കടൽ തുറമുഖ പദ്ധതി വികസനത്തിൽ ആര് ടെൻഡർ ഏറ്റെടുക്കുമെന്നതിൽ അവ്യക്തത സൃഷ്ടിക്കുന്നതാണ്. ബംഗാളിൽ ഒരുപാട് ബിസിനസ് അവസരങ്ങൾ കാത്തിരിക്കുന്നുണ്ടെന്നും ആദ്യം താജ്‌പൂരിലെ ആഴക്കടൽ തുറമുഖത്തിനാണ് ടെൻഡർ വിളിക്കുന്നതെന്നും ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ മമത പറഞ്ഞു. ഇതിനായി 25,000 കോടി രൂപയുടെ നിക്ഷേപം വേണമെന്നും മമത ബാനർജി അറിയിച്ചു.